ദില്ലി: ആധാര്‍ കേസില്‍ സുപ്രീംകോടതി ഭരണഘടന ബഞ്ചിന്‍റെ വാദം കേള്‍ക്കല്‍ ഇന്ന് തുടരും. പണബില്ലായി കൊണ്ടുവന്ന ആധാറിനെ ഇനി ചോദ്യം ചെയ്യാനാകുമോ എന്ന് ഇന്നലെ സുപ്രീംകോടതി ചോദിച്ചിരുന്നു. ആധാര്‍ ബില്ല് പാര്‍ലമെന്‍ററി സ്റ്റാന്‍റിംഗ് കമ്മിറ്റി പരിശോധിച്ചിരുന്നോ എന്നും കോടതി ആരാഞ്ഞു.

ആധാര്‍ കാര്‍ഡ് തിരിച്ചറിയലിന് വേണ്ടി മാത്രമാണോ ഉപയോഗിക്കുന്നതെന്നും ഉദ്ദേശിച്ച കാര്യങ്ങള്‍ക്ക് മാത്രം ബയോമെട്രിക് ഉപയോഗിച്ചാല്‍ ആധാര്‍ സുരക്ഷിതമാണോയെന്നും കോടതി ചോദിച്ചിരുന്നു. അമേരിക്കയില്‍ വിസയ്ക്കായി ശേഖരിക്കുന്ന ബയോമെട്രിക്കില്‍ നിന്ന് ആധാര്‍ ബയോമെട്രിക് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും കോടതി ആരാഞ്ഞു.

ആധാര്‍ വലിയ ഇലക്ട്രോണിക് കുരുക്കാണ് എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ആധാറിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് 27 ഹര്‍ജികളാണ് കേസില്‍ വാദം കേള്‍ക്കുന്ന ഭരണഘടന ബെഞ്ചിന് മുമ്പാകെ ഉള്ളത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.എം.ഖാന്‍വില്‍ക്കര്‍, ആദര്‍ശ്കുമാര്‍ സിക്രി, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അന്തിമവാദം കേള്‍ക്കുന്നത്.