ആധാര്‍ കേസില്‍ ഭരണഘടനാപരമായ ചോദ്യങ്ങള്‍ സുപ്രീംകോടതി ഒമ്പതംഗ ഭരണഘടന ബെഞ്ചിന് വിട്ടു. സ്വകാര്യത അവകാശം മൗലിക അവകാശമാണോ എന്നതാകും ഒമ്പതംഗ ഭരണഘടന ബെഞ്ച് പരിശോധിക്കുക.
കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യം അംഗീകരിച്ചാണ് ആധാര്‍ കേസിലെ സ്വകാര്യത അവകാശം മൗലിക അവകാശമാകുമോ എന്ന ചോദ്യം ഒമ്പതംഗ ഭരണഘടന ബെഞ്ചിന്‍റെ പരിഗണനയ്‍ക്ക് വിട്ടത്. സ്വകാര്യത അവകാശം മൗലിക അവകാശമല്ലെന്ന് 1954ല്‍ എട്ടംഗ ബെഞ്ച് വിധിച്ചിട്ടുണ്ട്. 1961ലും സമാനമായ വിധിയുണ്ടായി. അതുകൊണ്ട് സമാനമായ കേസ് നിലവിലെ അഞ്ചംഗ ഭരണഘടന ബെഞ്ചിന് പരിശോധിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചു. ഇതോടെയാണ് സ്വകാര്യത അവകാശം മൗലിക അവകാശമാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ ഒമ്പതംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ തീരുമാനിച്ചത്. നാളെ കേസ് ഒമ്പതംഗ ഭരണഘടന ബെഞ്ച് കേസ് പരിഗണിക്കും. ആദ്യം ഹര്‍ജിക്കാരുടെ വാദവും പിന്നീട് കേന്ദ്ര സര്‍ക്കാരിന്‍റെ വാദവും കേള്‍ക്കും. സാമൂഹ്യപ്രവര്‍ത്തകയായ കല്ല്യാണിസെന്‍ മേനോനാണ് ആധാറിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. ആധാര്‍ കേസിലെ മറ്റെല്ലാ വിഷയങ്ങളും നേരത്തെ മൂന്നംഗ ബെഞ്ച് തീര്‍പ്പാക്കിയിരുന്നു. ഭരണഘടനപരമായ വിഷയങ്ങള്‍ അഞ്ചംഗ ബെഞ്ചിലേക്ക് എത്തിയതിനെ കേന്ദ്രം എതിര്‍ത്തതോടെയാണ് ഒമ്പതംഗ ബെഞ്ചിലേക്ക് കേസ് മാറുന്നത്.
