യങ് സയന്‍റിസ്റ്റ് അവാർഡ് വിജയികളെ ഇന്നറിയാം

കൊച്ചി: യുവശാസ്ത്രജ്ഞരെ കണ്ടെത്തുന്നതിന് ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ്ങ് ആന്റ് ടെക്‌നോളജിയും എഷ്യാനെറ്റ് ന്യൂസും സംയുക്തമായി സംഘടിപ്പിച്ച യങ് സയന്റിസ്റ്റ് അവാർഡ് വിജയികളെ ഇന്ന് അറിയാം. ഏഴ് രാജ്യങ്ങളിലെ 300 സ്കൂളുകളെ പ്രതിനിധീകരിച്ചെത്തിയ കുട്ടികളിൽ നിന്നാണ് ആദ്യ മൂന്ന് സ്ഥാനക്കാരെ തെര‍ഞ്ഞെടുക്കുന്നത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സമ്മാനങ്ങൾ വിതരണം ചെയ്യും.

ഗൾഫിൽ നിന്നടക്കം ഏഴ് രാജ്യങ്ങളിലെ ഹൈസ്കൂൾ വിദ്യർത്ഥികളായ 536 യുവപ്രതിഭകളാണ് മത്സരത്തിൽ പങ്കെടുത്തത്. ശാസ്ത്രവും സാങ്കേതികതയും കൂട്ടിയിണക്കിയ ആശയങ്ങളുമായി 300 ടീമുകളുടെ പ്രോജക്ടുകളാണ് വിദഗ്ധ സമിതിക്ക് മുൻപിൽ എത്തിയത്. രണ്ട് മുതൽ മൂന്ന് വരെ അംഗങ്ങളായിരുന്നു ഓരോ ടീമുകളിലും ഉണ്ടായിരുന്നത്. പുരസ്കാര സമിതി അഞ്ച് റൗണ്ടുകളിലായി നടത്തിയ വിദഗ്ധ പരിശോധനയ്ക്ക് ശേഷം ഇവരിൽ നിന്ന് 41 ടീമുകളെ ഗ്രാൻഡ് ഫിനാലെയ്ക്കായി തെരഞ്ഞെടുത്തു.

ഇവരിൽ നിന്നാണ് ആദ്യ മൂന്ന് ശാസ്ത്രപ്രതിഭകളെ പ്രഖ്യാപിക്കുക. പുരസ്കാരത്തിനൊപ്പം ജേതാക്കളെ കാത്തിരിക്കുന്നത്. അമേരിക്കയിലെ നാസ, സിലിക്കൺ വാലി എന്നിവിടങ്ങളിലേക്കുള്ള യാത്രയാണ്. എട്ട് വിഭാഗങ്ങളിലാണ് പുരസ്കാരം.

മികച്ച പ്രോജക്ട്, ആശയം, അവതരണ ശൈലി, സാമൂഹിക പ്രാധാന്യം എന്നിവ പരിഗണിച്ചാണ് അവാർഡ്. എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കായിരുന്നു മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. വിജയികൾക്ക് ഗവർണർ പി സദാശിവത്തിന്‍റെ സാന്നിദ്ധ്യത്തിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പുരസ്കാരങ്ങൾ സമ്മാനിക്കും.