തീവ്രവാദി പരാമർശത്തിൽ വിശദീകരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തീവ്രമായി സംസാരിക്കുന്നവനെയാണ് തീവ്രവാദി എന്ന് വിളിച്ചതെന്നും മുസ്ലിം ലീഗ് തന്നെ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കാൻ ശ്രമിക്കുന്നെന്നും അദ്ദേഹം ആരോപിച്ചു.
ചേർത്തല: വിദ്വേഷ പരാമർശത്തിൽ വിശദീകരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തീവ്രമായി സംസാരിക്കുന്നവൻ തീവ്രവാദിയെന്ന് പറഞ്ഞ അദ്ദേഹം മതതീവ്രവാദിയെന്ന് വിളിച്ചിട്ടില്ലെന്ന് പറഞ്ഞു. സത്യം ബോധ്യപ്പെടുത്താൻ മാധ്യമങ്ങളെ വീട്ടിൽ വിളിച്ചു വരുത്തി. അവിടെയും ഒരു ചാനൽ പ്രശ്നം ഉണ്ടാക്കി. എന്നെ പറയാൻ അനുവദിച്ചില്ല. തീവ്രവാദി എന്ന് ഞാൻ പറഞ്ഞു. തീവ്രമായി സംസാരിക്കുന്നവൻ തീവ്രവാദിയാണ്. ഞാൻ മത തീവ്രവാദി എന്ന് പറഞ്ഞതായി പ്രചരിപ്പിക്കുന്നു. അങ്ങനെ പറഞ്ഞില്ല. ഒരു ചാനൽ വിചാരിച്ചാൽ തനിക്ക് ഒരു ചുക്കും സംഭവിക്കാനില്ലെന്നും തനിക്ക് ഭയമില്ലെന്നും ഒന്നും നഷ്ടപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ പറഞ്ഞതിലൊന്നും മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് സംവാദത്തിനും തയ്യാറാണ്. മുസ്ലിം ലീഗിനൊപ്പം താൻ നിന്ന കാലമുണ്ടായിരുന്നു. യുഡിഎഫ് ഭരണം പിടിക്കുമ്പോൾ ആനുകൂല്യങ്ങൾ തരാമെന്ന് പറഞ്ഞാണ് കൂടെ കൂട്ടിയത്. ലീഗിന്റെ നേതാക്കൾ എസ്എൻഡിപിയെ കൂടെ നടത്തി. ഒടുവിൽ ഭരണം കിട്ടിയപ്പോൾ ഒന്നും തന്നില്ല. ആർ ശങ്കർ അല്ലാതെ സമുദായത്തിന് വേണ്ടി യുഡിഎഫ് കാര്യമായി ഒന്നും തന്നില്ല. താൻ പറയുന്നത് വളച്ചൊടിച്ച് മുസ്ലിം സമുദായത്തിന് എതിരാണെന്ന് വരുത്തുന്നു. മുസ്ലിം സമുദായത്തിന് താൻ എതിരല്ല. അങ്ങനെ ആണെന്ന് വരുത്തി തീർക്കാൻ ലീഗ് ശ്രമിക്കുന്നു. മുസ്ലിം സമുദായത്തിന് മലപ്പുറത്ത് മാത്രം 17 കോളേജുകൾ നൽകി. സാമൂഹിക നീതി ഈഴവ സമുദായത്തിന് നിഷേധിക്കപ്പെട്ടു. മുസ്ലീങ്ങൾക്ക് സംസ്ഥാനത്ത് 4100 സ്കൂളുകൾ ഉണ്ട്. ഈഴവന് 370 മാത്രം. ഈ കുറവ് ഞാൻ ചൂണ്ടിക്കാണിച്ചാൽ മുസ്ലിം വിരോധിയാവുമോ? എന്നെ എന്തിനാണ് ശിവഗിരിയിൽ വച്ച് പോസ്റ്റ്‌മോർട്ടം നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.


