ഇടുക്കി: തെളിവുകൾ അവശേഷിപ്പിക്കാതെ മൂന്നുപേരെ ദാരുണമായി കൊലപ്പെടുത്തി മോഷണം നടത്തിയ അടിമാലി കൂട്ടക്കാല കേസിലെ വിധി പ്രഖ്യാപനം ഡിസംബര്‍ 28 ന് . സംഭവം നടന്ന് 34 മാസം പിന്നിടുമ്പോൾ തന്നെ കേസിന്‍റെ വിസ്താരം പൂർത്തിയാവുകയായിരുന്നു. 2015 ഫെബ്രുവരി 12 രാത്രി 11.45-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അടിമാലി ടൗൺ മധ്യത്തിൽ പ്രവർത്തിച്ചിരുന്ന രാജധാനി ലോഡ്ജിന്‍റെ നടത്തിപ്പുകാരനായ മന്നാംകാല പാറേക്കാട്ടിൽ കുഞ്ഞുമുഹമ്മദ് (69), ഭാര്യ ആയിഷ (63), ഐഷയുടെ മാതാവ് അടിമാലി മണലിക്കുടി നാച്ചി (81) എന്നിവരെയാണ് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. 13-ന് പുലർച്ചെ അഞ്ചുമണിയോടെയാണ് നാടിനെ നടുക്കിയ കൊടുംക്രൂരത പുറംലോകം അറിയുന്നത്. രാജധാനി ലോഡ്ജിലെ മൂന്നാം നിലയിലുള്ള 302-ാം നമ്പർ മുറിക്കകത്ത് കൈകാലുകളും വായും ബന്ധിച്ചനിലയിൽ മുറി പുറമെനിന്നും പൂട്ടിയ അവസ്ഥയിലുമായിരുന്നു കുഞ്ഞുമുഹമ്മദിന്‍റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.
ഐഷയുടെയും നാച്ചിയുടെയും മൃതദേഹങ്ങൾ ലോഡ്ജിലെ ഒന്നാം നിലിയലുള്ള കിടപ്പുമുറിയായി ഉപയോഗിക്കുന്ന ഹാളിലെ രണ്ടിടങ്ങളിലായാണ് കണ്ടെത്തിയത്. കർണ്ണാടക, തുങ്കൂർ സിറ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള മുഖാപട്ടണം രാഘവ് (രാഘവേന്ദ്ര-23), ഹനുമന്ദപുര തോട്ടാപുര ഹനുമന്ത രായപ്പയുടെ മകൻ മധു (രാജേഷ് ഗൗഡ-23), സഹോദരൻ മഞ്ജുനാഥ് (19) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിൽ മോഷണത്തിനു വേണ്ടിയാണ് മൂവരെയും കൊലപ്പെടുത്തിയതെന്ന് പിടിയിലായ പ്രതികൾ സമ്മതിച്ചിരുന്നു. 19.5 പവൻ സ്വർണ്ണാഭരണങ്ങൾ, റാഡോ വാച്ച്, മൊബൈൽഫോൺ അടക്കം അഞ്ചുലക്ഷത്തോളം രൂപയുടെ കവർച്ചയും നടത്തിയിരുന്നു. ഇവയെല്ലാം തന്നെ പോലീസ് പിന്നീട് കണ്ടെത്തി.
തെളിവുകളൊന്നും അവശേഷിപ്പിക്കാതെ നടത്തിയ കൊലപാതകത്തെ സംബന്ധിച്ച് ആദ്യമണിക്കൂറുകളിൽ അന്നത്തെ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസിന്‍റെ അന്വേഷണത്തിൽ വിഴ്ച സംഭവിച്ചതായി ആരോപിച്ച് വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് അടിമാലിയിൽ അരങ്ങേറിയത്. ഇതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി അന്നത്തെ മൂന്നാർ ഡിവൈ.എസ്.പി കെ.ബി. പ്രഭുല്ലചന്ദ്രൻ, അടിമാലി സി.ഐ സജി മർക്കോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ കേസിന്‍റെ ചുമതലയേൽപിച്ചു.
ലോഡ്ജിലെ താമസക്കാരുടെ രജിസ്റ്ററുകൾ വരെ കീറിയാണ് പ്രതികൾ കടന്നുകളഞ്ഞത്. ലോഡ്ജിന് സമീപത്തെ പലചരക്ക് വ്യാപാര സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയിൽ നിന്നും അന്യ സംസ്ഥാന തൊഴിലാളികളുടേതെന്ന് തോന്നിക്കുന്ന വ്യക്തതയില്ലാത്ത ചിത്രങ്ങൾ മാത്രമാണ് പൊലീസിന് ലഭിച്ചത്. പൊലീസിന്‍റെ അന്വേഷണ മികവുകൊണ്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന പൊലീസ് കണ്ടെത്തി. ഇതിനിടെ അന്വേഷണം വിലയിരുത്തുന്നതിന് അടിമാലിയിലെത്തിയ അന്നത്തെ ദക്ഷിണമേഖലാ എ.ഡി.ജി.പി കെ. പത്മകുമാർ, എറണാകുളം റെഞ്ച് ഐ.ജി: എം.ആർ. പ്രദീപ്കുമാർ എന്നിവർ യോഗം ചേർന്ന ശേഷം പൊലീസിന്‍റെ അതുവരെയുള്ള അന്വേഷണം നേരായ ദിശയിലാണ് നീങ്ങുന്നതെന്ന് മാധ്യമങ്ങളെ അറിയിച്ചു. കൂട്ടക്കൊല നടന്ന് ഒരു മാസത്തിനുള്ളിൽ ഒന്നും മൂന്നും പ്രതികളെ അറസ്റ്റ് ചെയ്താണ് പൊലീസ് സേനയുടെയും സർക്കാരിന്‍റെയും മാനം സംരക്ഷിച്ചത്. ഇതോടെ അടിമാലി മേഖലിയിൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ അടക്കം നിരവധി സ്വീകരണങ്ങളാണ് അന്വേഷണ സംഘത്തിന് നൽകിയത്. ഇതിനിടെ കർണ്ണാടക, തമിഴ്നാട്, ഗോവ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ആഴ്ചകളോളം അന്വേഷണം നടത്തി കേസിലെ രണ്ടാം പ്രതി മധുവിനെയും പിന്നീട് പിടികൂടിയതോടെ കേസിൽ ഉൾപ്പെട്ട ആകെയുള്ള മൂന്നുപ്രതികളും ജയിലിലായി.
സമയബന്ധിതമായി മോഷണംപോയ സ്വർണ്ണവും കണ്ടെടുത്ത് കുറ്റപത്രവും സമർപ്പിച്ചതോടെ പ്രതികൾക്ക് ജാമ്യം നിഷേധിച്ച് വിയ്യൂർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയിരിക്കുകയായിരുന്നു. മൂവരുടെയും വിചാരണ തൊടുപുഴ ജില്ലാ കോടതിയിൽ ഒരുമിച്ച നടത്തി കഴിഞ്ഞ ഏപ്രിൽ 17-ന് പൂർത്തിയാക്കി. ആകെയുള്ള അഞ്ച് വോള്യങ്ങളിലായി ആയിരത്തിലധികം പേജ് ഉൾപ്പെടുന്നതായിരുന്നു കുറ്റപത്രം. ഗൂഡാലോചന, കൊലപാതകം, കവർച്ച, സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. കേസിൽ ആകെയുണ്ടായിരുന്ന നൂറ് സാക്ഷികളിൽ 55 സാക്ഷികളെയും വിസ്തരിച്ചിരുന്നു. ഇതിൽ പ്രതികളുടെ ബന്ധുവായ അമ്മാവനും മറ്റൊരു സുഹൃത്തും മാത്രമാണ് പ്രതിഭാഗം ചേർന്ന് മൊഴിമാറ്റിയത്.
പ്രൊസിക്യൂഷന് വേണ്ടി പബ്ലിക് പ്രൊസിക്യൂട്ടർ ബി. സുനിൽദത്താണ് ഹാജരായത്. പ്രൊസിക്യൂഷനു സഹായത്തിനായി അന്വേഷണ സംഘത്തിലെ എ.എസ്.ഐമാരായ സി.വി. ഉലഹന്നാൻ, സജി എൻ. പോൾ, സി.ആർ. സന്തോഷ് എന്നിവരെ പോലീസ് വകുപ്പിൽ നിന്നും ചുമതലയേൽപിച്ചിരുന്നു. ഇതിനോടകം മുൻആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും അന്വേഷണ സംഘത്തെ ആദരിക്കുകയും സംഘാംഗങ്ങൾക്ക് ബഹുമതികൾ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സംഘത്തിലെ അഞ്ചുപേർക്കും 2005-ൽ തന്നെ അന്നത്തെ ഡി.ജി.പി: ടി.പി സെൻകുമാർ ഗുഡ് സർവീസ് എൻട്രിയും നൽകി. തിരുവനന്തപുരത്ത് വച്ചുനടന്ന യോഗത്തിൽ സംസ്ഥാന പൊലീസ് ചീഫ് ലോക്നാഥ് ബഹറ, സംഘത്തിലെ പ്രഭുല്ല ചന്ദ്രൻ, സജി മർക്കോസ്, സി.വി. ഉലഹന്നാൻ എന്നിവർക്ക് ബാഡ്ജ് ഓഫ് ഓണർ ബഹുമതി നൽകി. സംഘാംഗങ്ങളായ സജി എൻ. പോൾ, സി.ആർ. സന്തോഷ് എന്നിവർക്ക് ഡി.ജി.പി. ഒപ്പുവച്ച കീർത്തിപത്രം ജില്ലാ പോലീസ് ചീഫ് കെ.ബി. വേണുഗോപാൽ നൽകി. പ്രഭുല്ലചന്ദ്രൻ ഇപ്പോൾ നാഥാപുരത്ത് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയാണ്. സജി മർക്കോസ് കാലടിയിൽ സി.ഐയാണ്. സി.വി. ഉലഹന്നാൻ, സജി എൻ പോൾ എന്നിവർ രാജാക്കാടും സി.ആർ. സന്തോഷ് വെള്ളത്തൂവലിലും എ.എസ്.ഐമാരായി ജോലി നോക്കിവരികയാണ്.
