ആശിക്കും ഭൂമി ആദിവാസിക്ക് എന്ന പദ്ധതി പ്രകാരം സര്‍ക്കാര്‍ , ഭൂമി വാങ്ങിക്കൊടുത്ത പലരും ഭൂരഹിതരല്ല. പടിഞ്ഞാറേത്തറയിലെ ഭൂമിയില്‍ മാത്രം 10ലധികം അനര്‍ഹര്‍. സര്‍ക്കാരുദ്യോഗസ്ഥരുടെ മക്കള്‍ക്കുപോലും ഭൂമിയുണ്ടെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
നാലും അഞ്ചും വർഷമായി അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍. സര്‍ക്കാരോഫീസുകള്‍ കയറിയിറങ്ങിയിട്ടും നീതി ലഭിക്കാത വന്നപ്പോള്‍ ഭൂമി ലഭിക്കുമെന്ന പ്രതീക്ഷ അവസാനിപ്പിച്ച് ചെറു ഷെഡുകളില്‍ ജീവിതം തള്ളിനീക്കുന്നവര്‍. ഇങ്ങനെയുള്ള പതിനായിരകണക്കിണ് ആദിവാസികള്‍ വരും വയനാട്ടില്‍ മാത്രം. പട്ടികവര്‍ഗ്ഗ വകുപ്പോഫീസില്‍ മാത്രം ഏതാണ്ട് പതിനയ്യായിരം പേരുടെ അപേക്ഷയാണ് കെട്ടികിടക്കുന്നത്. ഇതില്‍ പകുതിയലധികംപേരും തികച്ചുംയോഗ്യര്‍. ഇതുവരെ ഭൂമി നല്‍കിയത് 420 കുടുംബങ്ങള്‍ക്കു മാത്രമാണ്.
ഭൂരഹിതരായ ആദിവാസികള്‍ക്കേ ഭൂമി വാങ്ങി നല്‍കാവൂ എന്നാണ് സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദ്ദേശം. പണിയ അടിയ വിഭാഗങ്ങള്‍ക്കു മുന്‍ഗണന നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
ഉത്തരവുകള്‍ കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ടോ എന്നതായിരുന്നു ഞങ്ങളുടെ പ്രധാന അന്വേഷണം. പണിയ അടിയവിഭാഗങ്ങളെ അവഗണിച്ചുവെന്ന് തുടക്കത്തില്‍ തന്നെ മനസിലായി.
കുടതലറിയാല്‍ ഞങ്ങള്‍, വാങ്ങിനല്‍കിയ ഭൂമിയിലൊന്നുപോയി. പടിഞ്ഞാറേത്തറയില്‍ 30 കുടുംബങ്ങള്‍ക്ക് വാങ്ങിനല്‍കിയ ഭൂമിയാണത്. വിറ്റത് പ്രദേശത്തെ ട്രൈബല്‍ ഓഫീസറുടെ അമ്മാവന്‍.
വാങ്ങിയ ഭൂമിയില്‍ ആരുതന്നെ താമസിക്കാന്‍ തയാറല്ല. കാരണമറിയാല്‍ പട്ടികവര്‍ഗ വകുപ്പിലെ രേഖകള്‍ പ്രകാരമുള്ള ഗുണഭോക്താക്കളെയെല്ലാം ഞങ്ങള്‍ നേരില്‍പോയി കണ്ടു. ഭൂമി ലഭിച്ച ദിവാകരന്‍ വലിയ ടെറസ് വീട്ടില്‍ താമസിക്കുന്നു. സ്വന്തം വീടുതന്നെ. അന്വേഷിച്ചപ്പോഴാണറിയുന്നത് ഇയാളുടെ പിതാവ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ചയാളാണെന്ന്. സ്വന്തമായി വേറെയും ഭൂമിയുണ്ട്. അതെല്ലാം മറച്ചുവെച്ച് സര്‍ക്കാര്‍ ഭൂമി നേടിയെടുത്തു.
ഭൂമി കിട്ടിയ രണ്ടാമത്തെയാള്‍ പേര് പ്രഭാകരന്‍. കുടുംബസ്വന്തായി ഏക്കറുകണക്കിന് നിലവും കരയുമുള്ളയാളാണ് ഇപ്പോള്‍ വീടു പണിതുകൊണ്ടിരിക്കുന്നതും സ്വന്തം ഭൂമിയില്‍.
ഇങ്ങനെ അന്വേഷിച്ചതില്‍ പട്ടികയില്‍ മാത്രം 10 പേര്‍ക്ക് ഭൂമിയുണ്ട്. മിക്കവരും മുന്‍ മന്ത്രി പി കെ ജയലക്ഷ്മിയുടെ ബന്ധുക്കള്‍. പണിയ അടിയ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന ആവശ്യത്തിന് പുല്ലുവില. ഭൂരഹിതര്‍ക്കു മാത്രമെ നല്‍കാവുവെന്ന ഉത്തരവും വകുപ്പുദ്യോഗസ്ഥര്‍ കാറ്റില്‍ പറത്തി.
സര്‍ക്കാര്‍ വാങ്ങി നല‍്കിയ ഭൂമിയുടെ ഗുണഭോക്താക്കളില്‍ പകുതിയും ഭൂരഹിതരല്ല എന്നതാണ് മറ്റൊരു ശ്രദ്ധേയാമായ കാര്യം. കൂടുതല്‍ അന്വേഷിച്ചാല്‍ മാത്രമെ ഇവയുടെ ഗൗരവം പുറത്തറിയൂ.
