പ്രസവത്തെ തുടര്‍ന്ന് ജനിച്ച ഇരട്ടകുട്ടികളില്‍ ഒരാള്‍ സംഭവ സ്ഥലത്ത് വച്ച് മരിച്ചു.

ഇടുക്കി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതി ജീപ്പിനുള്ളില്‍ പ്രസവിച്ചു. പ്രസവത്തെ തുടര്‍ന്ന് ജനിച്ച ഇരട്ടകുട്ടികളില്‍ ഒരാള്‍ സംഭവ സ്ഥലത്ത് വച്ച് മരിച്ചു. വെള്ളിയാഴ്ച്ച വൈകിട്ട് അടിമാലിയിരുന്നു സംഭവം. ജില്ലയിലെ ആദിവാസിമേഖലകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ വേണ്ടത്ര ഫലപ്രാപ്തിയിലെത്താത്തത് ആദിവാസി ഊരുകളിലെ ദുരിതം വര്‍ധിപ്പിക്കുന്നു.

ആദിവാസി സ്ത്രീകളുടെ സുഖപ്രസവവും നവജാതശിശുക്കളുടെ ആരോഗ്യവും ഉറപ്പുവരുത്താന്‍ ത്രിതല പഞ്ചായത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എണ്ണമറ്റ സംവിധാനങ്ങള്‍ നടപ്പാക്കിവരുന്നു എന്ന അവകാശവാദം നിലനില്‍ക്കെയാണ് വെള്ളിയാഴ്ച്ച വൈകിട്ട് അടിമാലിയില്‍ ആദിവാസി യുവതി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ജീപ്പിനുള്ളില്‍ പ്രസവിച്ചത്. പ്രസവത്തെ തുടര്‍ന്ന് ജനിച്ച ഇരട്ടക്കുട്ടികളില്‍ ഒരാള്‍ സംഭവസ്ഥലത്ത് വച്ച് മരിച്ചു. പടിക്കപ്പ് കുടി ആദിവാസി മേഖലയിലെ മുത്തയ്യ പൊന്നമ്മ ദമ്പതികളുടെ മകള്‍ ശോഭനയേയും നവജാതശിശുവിനേയും കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

മാങ്കുളം ഗ്രാമപഞ്ചായത്തിലെ ശേവലുകുടിയില്‍ എസ്ടി പ്രമോട്ടറായി ജോലി ചെയ്തുവരുന്ന അഭിലാഷിന്റെ ഭാര്യയാണ് ശോഭന. മാങ്കുളത്ത് നിന്നുള്ള യാത്രക്ലേശം കണക്കിലെടുത്ത് പടിക്കപ്പ് കുടിയിലെ വീട്ടിലായിരുന്നു ശോഭന താമസിച്ചു വന്നിരുന്നത്. താലൂക്കാശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ശോഭനക്ക് ഇരട്ടക്കുട്ടികളാണെന്നറിഞ്ഞതോടെ തുടര്‍ പരിശോധനകള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് വയറുവേദന ആരംഭിച്ച ശോഭനയേയും കൂട്ടി മാതാവ് പൊന്നമ്മയും ബന്ധുവായ മറ്റൊരു സ്ത്രീയുമൊത്ത് അയല്‍വാസിയുടെ ജീപ്പില്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു.

എന്നാല്‍ താലൂക്കാശുപത്രിയിലെത്താന്‍ അര കിലോമീറ്റര്‍ മാത്രം ശേഷിക്കേ അടിമാലി അമ്പലപ്പടിക്ക് സമീപം ദേശിയപാതയില്‍ വച്ച് ശോഭന പ്രസവിച്ചു. പടിക്കപ്പ് കുടിയില്‍ നിന്നും പുറം ലോകവുമായി ബന്ധപ്പെടുന്ന റോഡിന്റെ ശോചനീയാവസ്ഥയാണ് യുവതിയെ ആശുപത്രിയിലെത്തിക്കുന്നത് വൈകിപ്പിച്ചത്. മരണമടഞ്ഞ കുഞ്ഞിനെ രാത്രിയില്‍ തന്നെ ആദിവാസി ഊരിലേക്ക് തിരികെ കൊണ്ടുപോയി.