കൊച്ചി: ഭരണപരിഷ്ക്കാര കമീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് വി എസ് അച്യുതാന്ദനെ നിയമിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കൊച്ചി സ്വദേശി അരുണ്‍ തോമസാണ് ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കിയത്. ചെയര്‍മാന് വേണ്ട യോഗ്യത നിശ്ചയിച്ച ശേഷം നടപടിക്രമങ്ങള്‍ പാലിച്ച് നിയമനം നടത്തണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. വിഎസിന് ഏഴാം ക്ലാസ് വരെ മാത്രമേ വിദ്യാഭ്യാസമുള്ളൂ എന്നും അരുണ്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങല്‍ ഇവയാണ്. ഭരണപരിഷ്ക്കാര കമീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് ഒരാളെ നിശ്ചയിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഈ പദവി ഇരട്ടപദവി നിയമത്തിന്റെ പരിധിയില്‍ നിന്ന ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പദവികളില്‍ നിയമനം നടത്തുമ്പോള്‍ കൃത്യമായ മാനദണ്ഡങ്ങളും യോഗ്യതയും നിശ്ചയിക്കണമെന്ന് വിവിധ കേസുകളില്‍ സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഭരണപരിഷ്ക്കാര കമീഷന്‍ ചെയര്‍മാന്‍ വേണ്ട യോഗ്യത എന്തെന്നോ തെരഞ്ഞെടുപ്പിന്റെ പ്രക്രിയ എങ്ങിനെയൊന്നോ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

വി എസ് അച്യുതാന്ദനനെ ചെയര്‍മാനാക്കുമെന്നാണ് മാധ്യമവാര്‍ത്തകള്‍. തനിക്ക് ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉള്ളൂ എന്നാണ് തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ സത്യവാങ് മൂലത്തില്‍ വിഎസ് അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില‍ ഭരണപരിഷ്ക്കാര കമീഷന്‍ ചെയര്‍മാന്‍ വേണ്ട യോഗ്യത എന്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കാണം. തെരഞ്ഞെടുപ്പ് പ്രക്രിയ നിശ്ചയിക്കണം. അതിന് ശേഷം പരസ്യം ക്ഷണിച്ച് നിയമനം നടത്താന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

ഇതിനിടെ ഭരണപരിഷ്ക്കാര കമീഷന്‍ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് ഇന്ന് മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വിഷയം പരിഗണിച്ചില്ല.ഇക്കാര്യത്തില്‍ നയപരവും രാഷ്ട്രീയപരവുമായ തീരുമാനം ഉണ്ടാകാത്തതാണ് കാരണം. കമീഷന്റെ ഘടന, ടേംസ് ഓഫ് റഫറന്‍സ്, അംഗങ്ങളുടെ എണ്ണം, പ്രവര്‍ത്തനരീതി എന്നിവയിലും തീരുമാനം ആയിട്ടില്ല. ഇതിന് ശേഷമേ മന്ത്രിസഭ വിഷയം പരിഗണിക്കൂ എന്നാണ് അറിയുന്നത്.