സ്വന്തം ജോലി മുഖംനോക്കാതെ നടപ്പിലാക്കാന്‍ ശ്രമിച്ച ചൈത്രയെ ചുമതലയില്‍ നിന്ന് മാറ്റിയുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ വലിയ തോതില്‍ വിമര്‍ശനം ശക്തമാകുകയാണ്
കൊച്ചി: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയിഡ് ചെയ്തതുമായി ബന്ധപ്പെട്ട് ചൈത്ര തെരേസ ജോണ്‍ വാര്‍ത്താ കോളങ്ങളില്‍ നിറ സാന്നിധ്യമാണ്. സ്വന്തം ജോലി മുഖംനോക്കാതെ നടപ്പിലാക്കാന്‍ ശ്രമിച്ച ചൈത്രയെ ചുമതലയില്‍ നിന്ന് മാറ്റിയുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ചൈത്ര തെരേസയ്ക്ക് ഇങ്ങനെയാണെങ്കില്‍ ജേക്കബ് തോമസിന്‍റെ അനുഭവമുണ്ടാകുമെന്ന് സര്‍ക്കാര്‍ നടപടിയെ പരിഹാസിച്ച് ഫേസ്ബുക്കിലൂടെ അഡ്വ.ജയശങ്കര്‍ രംഗത്തെത്തി.
ജയശങ്കറിന്‍റെ കുറിപ്പ്
നവോത്ഥാനത്തിനും സ്ത്രീ ശാക്തീകരണത്തിനുമൊക്കെ പരിധിയുണ്ട്. മുറത്തിൽ കയറി കൊത്താമെന്ന് ആരും കരുതരുത്.
ചൈത്ര തെരേസ ജോൺ ചെറുപ്പമാണ്. ചോരത്തിളപ്പുണ്ട്. കുട്ടിക്കാലത്ത് സുരേഷ് ഗോപി അഭിനയിച്ച സിനിമകൾ കണ്ട ഓർമകളും ഉണ്ട്.
എന്നു കരുതി സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ കയറി പ്രതികളെ തിരയാമെന്ന് ഒരുത്തിയും കരുതണ്ട. ആക്ടിവിസ്റ്റുകളും പോലീസുകാരും കയറി നിരങ്ങാൻ ഇത് ശബരിമല സന്നിധാനമല്ല.
സൂചനയാണിത്, സൂചന മാത്രം. സൂചന കണ്ടു പഠിച്ചില്ലെങ്കിൽ ഡോ. ജേക്കബ് തോമസിന്‍റെ അനുഭവം ചൈത്രയുടെ മുന്നിലുണ്ട്.
