കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാറിന്റെ മുന്‍ അഭിഭാഷകന്‍ അഡ്വ. പ്രതീഷ് ചാക്കോ പൊലീസിന് മുന്നില്‍ ഹാജരായി. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ച ഹൈക്കോടതി, ഇന്ന് രാവിലെ അന്വേഷണ ഉദ്ദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. നിലവില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതീഷ് ചാക്കോയ്ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും ഇന്നലെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ഇത് അഡ്വ. പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നാണ് പള്‍സര്‍ സുനി പൊലീസിനോട് പറഞ്ഞിരുന്നത്. സംഭവത്തിന് ശേഷം സുനില്‍ കുമാറിനെ പ്രതീഷ് ചാക്കോയുടെ അടുത്തേക്ക് അയച്ചത് നടന്‍ ദിലീപാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ദിലീപിന് നേരത്തെ പരിചയമുള്ള പ്രതിഷ് ചാക്കോയ്ക്ക് ഈ ആക്രമണവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ അറിവുണ്ടോയെന്ന കാര്യമാവും പൊലീസ് ചോദ്യം ചെയ്ത് മനസിലാക്കുക.
