തിരുവനന്തപുരം: തിരുവനന്തപുരത്ത് കോടതി മുറിയില്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ അഞ്ച് അഭിഭാഷകരെ പോലീസ് അറസ്റ്റ് ചെയ്തു. വഞ്ചിയൂര്‍ പോലീസാണ് സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ് ലേഖകന്‍ പ്രഭാത് നായര്‍ നല്‍കിയ പരാതിയില്‍ അഭിഭാഷക അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജി, അഭിഭാഷകരായ അരുണ്‍ , സുഭാഷ് , രതിന്‍ രാഹുല്‍ എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.

എന്നാല്‍ ഇവരെ സ്റ്റേഷന്‍ ജാമ്യത്തിന് വിട്ടതോടെ തുടക്കം മുതലേ ഉണ്ടായ പൊലീസ് അഭിഭാഷക ഒത്തുകളി വീണ്ടും തെളിയുകയാണ്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ ആദ്യം വിസമ്മതിച്ച പൊലീസ് ഒന്നര ദിവസത്തിന് ശേഷം പേരിനൊരു കേസ് രജിസ്റ്റര്‍ ചെയ്തു. അതും സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയത്. 

ഇതിന് പുറമേ സംഭവത്തിന് ശേഷം അഞ്ചാം ദിവസം അഭിഭാഷകരുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് പോലീസ് റജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. വനിത മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ അഭിഭാഷകരെ ആക്രമിച്ചുവെന്നാണ് കേസ്.