മധുക്കര ധ്യാനകേന്ദ്രത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷൻ
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും അമ്മയെയും ധ്യാനകേന്ദ്രത്തിൽ തടഞ്ഞുവച്ചെന്ന പരാതിയിൽ അന്വേഷണത്തിനായി ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു. അഡ്വ. ലിജി വടക്കേടത്താണ് അഭിഭാഷക കമ്മിഷൻ കമ്മിഷൻ. കോയന്പത്തൂരിലെ ധ്യാനകേന്ദ്രത്തെ കുറിച്ച് കമ്മീഷൻ അന്വഷിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം. ഇതിനിടെ കൊച്ചിയിൽ പീഡനത്തിന് ഇരയായെന്ന കുട്ടികളുടെ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
കോയന്പത്തൂർ മധുക്കരയിലെ ഉണ്ണീശോ ധ്യാന കേന്ദ്രത്തെ കുറിച്ച് അന്വേഷിക്കാനാണ് ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചത്. ധ്യാനകേന്ദ്രത്തിൽ മതപരമായ അടിമത്തമാണ് നിലനിൽക്കുന്നതെന്നും പഠനം ഉപേക്ഷിച്ച നിരവധി കുട്ടികൾ ഇവിടെയുണ്ടെന്നുമുള്ള പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി.
കേസിൽ കോയന്പത്തൂരിനടുത്തെ പേരൂർ ഡിവൈഎസ്പി, മധുക്കര എസ്പി എന്നിവരെ കക്ഷി ചേർത്തു. പരാതിക്കാരായ കുട്ടികളെയും അമ്മയെയും എറണാകുളത്തെ എസ്എൻവി സദനത്തിൽ തന്നെ താമസിപ്പിക്കാനും ഹൈക്കോടതി നിർദേശം നൽകി. ഇവർക്ക് ഭർത്താവിനെ കാണുന്നതിന് തടസമില്ല. നാലുപേർക്കും കൗൺസിലിങ് തുടരണം എന്നും ഹൈക്കോടതി ഉത്തരവിലുണ്ട്.
കൊച്ചി സ്വദേശിയായ അമ്മ കുട്ടികളുടെ പഠിപ്പ് ഉപേക്ഷിച്ചു മധുക്കര ധ്യാന കേന്ദ്രത്തിൽ താമസമാക്കുകയായിരുന്നു. ഇവരെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് ഹേബിയസ് കോർപസ് ഹർജി നൽകിയിരുന്നു. തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കാക്കനാട് വച്ച് കുട്ടികൾ പീഡനത്തിന് ഇരയായി എന്ന പരാതി ഉയർന്നത്. ഈ പരാതിയിൽ സംശയം ഉണ്ടെന്ന പ്രാഥമിക റിപ്പോർട്ടാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. കേസിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് കോടതിയെ അറിയിച്ചു.
