തിരുവനന്തപുരം: എഡിജിപി ബി സന്ധ്യ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിനെ സന്ദ‌ർശിച്ചത് തെറ്റെന്ന് അഡ്വക്കേറ്റ് ജനറൽ സി പി സുധാകർപ്രസാദ് . ഇത് കേസിനെ ഒരു തരത്തിലും ബാധിക്കില്ല . സർക്കാരിന്റെ അറിവോടെയല്ല, സന്ധ്യയുടെ സ്വന്തം തീരുമാനപ്രകാരമാണ് സന്ദർശനമെന്നും എ ജി .

തിങ്കളാഴ്ച്ചയാണ് സൗമ്യകേസിൽ വിചാരണകോടതിയിൽ വിധി പ്രസ്താവിച്ച ജഡ്ജി കെ രവീന്ദ്രബാബുവും എഡിജിപി ബി സന്ധ്യയും ജസ്റ്റിസ് കട്ജുവിന്റെ വീട്ടിലെത്തി ചർച്ച നടത്തിയത്. സൗമ്യ വധക്കേസിൽ സുപ്രീംകോടതി സ്റ്റാൻഡിംഗ് കൗൺസിൽ നിഷേ രാജന ഷോങ്കറിനെ അറിയിക്കാതെയായിരുന്നു ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച്ച. കൂടിക്കാഴ്ച്ചയിൽ സന്ധ്യ സഹായം അഭ്യർത്ഥിച്ചെങ്കിലും രേഖാമൂലം സർക്കാർ ആവശ്യപ്പെട്ടാൽ നിയമ ഉപദേശം നൽകാം എന്ന് കട്ജു ഉറപ്പു നൽകിയതായാണ് സൂചന.

സൗമ്യ വധക്കേസിൽ ഗോവിന്ദസാമിക്ക് പരമാവധി ശിക്ഷ നേടിക്കൊടുക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടെയാണ് വിചാരണ കോടതി ജഡ്ജിയുടേയും അന്വേഷണ ഉദ്യോഗസ്ഥയുടേയും ഈ കൂടിക്കാഴ്ച്ച. ഭരണഘടനാപരമായ തടസ്സമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയാൽ സൗമ്യകേസിൽ ഹാജരാകാം എന്ന് കഡ്ജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.