കൊച്ചി: ആഫ്രിക്കന്‍ സ്വദേശികളുടെ സഹായത്തോടെ കേരളത്തിലെ വടക്കന്‍ ജില്ലകളിലെ തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കടത്തല്‍ വ്യാപിക്കുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളാണ് ഇവരുടെ പ്രധാന കേന്ദ്രങ്ങള്‍. മെത്താകുലോണ്‍, കൊക്കെയ്ന്‍, ഹെറോയിന്‍ തുടങ്ങിയവയാണ് സംഘം പ്രധാനമായും വില്‍ക്കുന്നത്. തങ്ങളുടെ കൂട്ടത്തിലേക്ക് പ്രദേശവാസികളെയും ആകര്‍ഷിച്ച് ഇവര്‍ ശൃംഖല വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നാണ് വിവരം.

മുംബൈയില്‍ നിന്നും ഗോവയില്‍ നിന്നും റോഡ് മാര്‍ഗം കേരളത്തിലേക്ക് മയക്ക് മരുന്ന് കടത്തിയിട്ടുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സികളുടെ വെളിപ്പെടുത്തല്‍. മയക്കുമരുന്ന് കടത്തലിന്‍റെ പേരില്‍ അറസ്റ്റിലാകുന്ന ആഫ്രിക്കന്‍ പൗരന്‍മാര്‍ ജയിലിനുള്ളില്‍ മറ്റുള്ളവരുമായി ബന്ധങ്ങള്‍ സ്ഥാപിക്കുകയാണ് പതിവ്. തുടര്‍ന്ന് ജയിലില്‍ നിന്ന് പരിചയപ്പെടുന്ന പ്രദേശവാസികളൊന്നിച്ച് ജയില്‍ മോചനത്തിന് ശേഷം ശൃംഖല വര്‍ധിപ്പിക്കുകയാണ് പതിവെന്ന് എന്‍.സി.ബി സൂപ്രണ്ട് വേണുഗോപാല്‍ ജി കുറുപ്പ് പറഞ്ഞു

കൊച്ചി കലൂരിലെ ഒരു ഫ്ലാറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് മയക്കുമരുന്ന് കടത്തലിന്‍റെ പേരില്‍ രണ്ട് നൈജീരിയന്‍ സ്വദേശികളെ പിടികൂടിയത്. കേരളത്തില്‍ വ്യാപിക്കുന്ന മയക്കുമരുന്ന് കടത്തലിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു ഇത്.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 97 ആഫ്രിക്കന്‍ സ്വദേശികളെയാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ മയക്കുമരുന്ന് കടത്തലിന്‍റെ പേരില്‍ പിടികൂടിയത്. ദക്ഷിണേന്ത്യയില്‍ നിന്നാണ് ഭൂരിഭാഗം പേരെയും പിടിച്ചരിക്കുന്നത്. എന്നാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ആറ് ആഫ്രിക്കന്‍ സ്വദേശികളെ മാത്രമാണ് കേരളത്തില്‍ നിന്ന് പിടികൂടിയത്. ഗോവ, കര്‍ണ്ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കണക്ക് ഇതിലും കൂടുതലാണ്.