മേഘലായയെ കൂടാതെ അരുണാചല്‍ പ്രദേശിലെ എട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലും അഫ്സപ പിന്‍വലിച്ചതായി കേന്ദ്രസര്‍ക്കാരിന്‍റെ അറിയിപ്പില്‍ പറയുന്നു. 

ദില്ലി: സൈനികര്‍ക്ക് പ്രത്യേകാധികാരം നൽകുന്ന ആംഡ് ഫോഴ്സസ് സ്പെഷ്യൽ പവേഴ്സ് നിയമം മേഘലയയിൽ നിന്ന് പൂര്‍ണമായും അരുണാചൽ പ്രദേശിൽ നിന്ന് ഭാഗികമായും നീക്കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റേതാണ് തീരുമാനം. അരുണാചലിൽ 16 പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏര്‍പ്പെടുത്തിയിരുന്ന അഫ്സ്പ നിയമം എട്ട് സ്റ്റേഷൻ പരിധിയിലേക്കാക്കി ചുരുക്കി.

അടുത്ത മാസം ഒന്നുമുതലാണ് ഇളവ്. ക്രമസമാധാന പ്രശ്നങ്ങൾ കുറഞ്ഞ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം. കീഴടങ്ങുന്ന ഭീകരരുടെ പുനരധിവാസത്തിനായി നൽകുന്ന തുക ഒരു ലക്ഷത്തിൽ നിന്ന് നാലു ലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്. 2017 സെപ്റ്റംബര്‍ വരെ മേഘാലയിൽ 40 ശതമാനം പ്രദേശത്ത് അഫ്സ്പ പ്രഖ്യാപിച്ചിരുന്നു. വാറണ്ടില്ലാതെ റെയ്‍ഡിനും അറസ്റ്റിനും സൈനിക നടപടിയ്ക്കും അവസരം നൽകുന്ന 1958ലെ അഫ്സ്പ നിയമത്തിനെതിരെ മനുഷ്യവകാശ പ്രവര്‍ത്തകര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു

മേഘാലയ, മിസോറാം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതിന് വിദേശികള്‍ക്കുള്ള നിയന്ത്രണം എടുത്തു കളയുക വഴി വടക്കു കിഴക്കന്‍ മേഖലയിലെ വിനോദസഞ്ചാരമേഖലയെ പ്രൊത്സാപ്പിക്കാനുള്ള സാധ്യതയും കേന്ദ്രസര്‍ക്കാര്‍ തുറന്നിട്ടുണ്ട്. അതേസമയം പാകിസ്താന്‍,ചൈന, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇവിടം സന്ദര്‍ശിക്കാനുള്ള വിലക്ക് തുടരും.