മെയ് 14നാണ് ബജ്റംഗദൾ പ്രവർത്തകർക്ക് വിശ്വഹിന്ദു പരിഷത്തിന്‍റെ ആഭിമുഖ്യത്തിൽ ആയുധ പരിശീലന ക്യാമ്പ് നടത്തിയത്. അയോധ്യയിലെ കർസേവക്പുരത്ത് മതവിദ്വേഷം വളർത്തുന്ന തരത്തിൽ തലപ്പാവ് ധരിച്ച യുവാക്കളെ ശത്രുക്കളായി അണിനിരത്തിയ ദൃശ്യങ്ങൾ പുറത്തു വന്നതിനെ തുടർന്ന് ക്യാമ്പ് നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 

ക്യാമ്പിന് നേതൃത്വം നൽകിയ ബജ്റംഗദൾ നേതാവ് മഹേഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ക്യാമ്പ് എല്ലാ വർഷവും നടക്കുന്നതാണെന്നും ഇതിൽ തെറ്റായി ഒന്നും തന്നെയില്ലെന്നും വിശ്വ ഹിന്ദു പരിഷത്ത് പ്രതികരിച്ചു.
സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. സമൂഹത്തിൽ മതവിദ്വേഷം വളർത്തുന്ന ഇത്തരം സംഭവങ്ങൾ നടക്കാൻ പാടില്ലായിരുന്നെന്ന് എസ്പി നേതാവ് അസംഖാൻ പ്രതികരിച്ചു.

ജൂൺ അഞ്ച് വരെ ഉത്തർപ്രദേശിലെ സുൽത്താൻ പൂർ,ഖൊരക്പൂർ,പിലിബിത്ത്, നോയ്ഡ,ഫത്തേപ്പൂർ എന്നിവിടങ്ങളിൽ ഇത്തരം ക്യാമ്പ് നടത്താനാണ് വിഎച്ച്പി തീരുമാനിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച വിജയം സമ്മാനിച്ച ഉത്തർപ്രദേശിൽ അടുത്ത വർഷം നടക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലാഭം കൊയ്യാൻ സംഘപരിവാർ ശ്രമം നടത്തുന്നു എന്നാണ് ആരോപണം.