രണ്ടാമത്തെ കുഞ്ഞിനെ ​ഗർ‌ഭം ധരിച്ചിരിക്കുകയായിരുന്നു പങ്കജ്കുമാറിന്റെ ഭാര്യ രോഹിണി. കുഞ്ഞ് ജനിക്കുന്ന സമയത്ത് പ്രത്യേക അവധിയെടുത്ത് നാട്ടിലെത്താമെന്നും ​​ഗ്രാമത്തിൽ എല്ലാവരെയും ക്ഷണിച്ച് ആഘോഷിക്കാമെന്നും പങ്കജ് കുമാർ‌ രോഹിണിക്ക് വാക്കു കൊടുത്തിരുന്നു.

ഉത്തർപ്രദേശ്: അവസാനം പങ്കജ് കുമാർ ത്രിപാഠിയെന്ന സൈനികന്റെ ​​ഗ്രാമത്തിലും നല്ല റോഡുകളുണ്ടായി, സ്കൂൾ പുതുക്കിപ്പണിതു. എന്നാൽ തന്റെ ​ഗ്രാമത്തിൽ വികസനം എത്തുന്നത് കാണാൻ പങ്കജ് ത്രിപാഠിക്ക് കഴിഞ്ഞില്ല. പുൽവാമ ഭീകരാക്രമണത്തിൽ രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ സൈനികരിലൊരാളായിരുന്നു ഉത്തർപ്രദേശിലെ മഹാരാജ്​ഗഞ്ച് സ്വദേശിയായ പങ്കജ് കുമാർ ത്രിപാഠി. ഇദ്ദേഹത്തിന്റെ ജീവത്യാ​ഗത്തിന് ശേഷമാണ് ഈ ​ഗ്രാമത്തിൽ വികസനമെത്തിയത്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ​ഗ്രാമമാണ് ​ഗ്രാമമാണ് മഹാരാജ്​ഗഞ്ച്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് മഹാരാജ്​​ഗഞ്ചിൽ സൈനികന്റെ വീട് സന്ദർശിക്കാൻ എത്തിയിരുന്നു. 

നാശോൻമുഖമായ അവസ്ഥയിലായിരുന്നു ഇവിടുത്തെ പ്രൈമറി സ്കൂൾ. സ്കൂൾ പുതുക്കിപ്പണിയാനുള്ള തീരുമാനത്തിലാണ് സർക്കാർ. ഇനി മുതൽ പങ്കജ് കുമാർ ത്രിപാഠിയുടെ പേരിലായിരിക്കും സ്കൂൾ അറിയപ്പെടുക. സൈനികന്റെ വീട്ടിലേക്കുള്ള പാതയും പുനർനിർമ്മിക്കും. മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്നാണ് ഈ സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കാൻ തീരുമാനിച്ചിരിക്കുന്നത്. 

രണ്ടരമാസത്തെ അവധിയ്ക്ക് ശേഷം ഫെബ്രുവരി 10നാണ് പങ്കജ്കുമാർ തിരികെ ജോലിസ്ഥലത്തേയ്ക്ക് മടങ്ങിപ്പോയത്. മറ്റൊരു സന്തോഷം കൂടിയുണ്ടായിരുന്നു ഈ കുടുംബത്തിൽ. രണ്ടാമത്തെ കുഞ്ഞിനെ ​ഗർ‌ഭം ധരിച്ചിരിക്കുകയായിരുന്നു പങ്കജ്കുമാറിന്റെ ഭാര്യ രോഹിണി. കുഞ്ഞ് ജനിക്കുന്ന സമയത്ത് പ്രത്യേക അവധിയെടുത്ത് നാട്ടിലെത്താമെന്നും ​​ഗ്രാമത്തിൽ എല്ലാവരെയും ക്ഷണിച്ച് ആഘോഷിക്കാമെന്നും പങ്കജ് കുമാർ‌ രോഹിണിക്ക് വാക്കു കൊടുത്തിരുന്നു.

ഭീകരാക്രമണം നടന്ന ഫെബ്രുവരി 14 ന് രാവിലെ പങ്കജ്കുമാർ ഫോണിൽ സംസാരിച്ചുവെന്ന് മാതാപിതാക്കളായ ഓംപ്രകാശ് ത്രിപാഠിയും സുശീല ദേവിയും പറയുന്നു. ശ്രീന​ഗറിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു പങ്കജ് കുമാറിന്റെ വാക്കുകൾ. റേഡിയോയിൽ ഭീകരാക്രമണത്തെക്കുറിച്ച് വാർത്ത വന്നപ്പോൾ തന്നെ ഇവർ ഫോണിൽ മകനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ആരും ഫോണെടുത്തില്ല. പിന്നീട് തങ്ങളെ കാത്തിരുന്നത് ഒരു ദു:ഖവാർത്തയായിരുന്നു എന്ന് ഇവർ കണ്ണീരോടെ വെളിപ്പെടുത്തുന്നു. പാൻകാർഡും ലൈസൻസും മാത്രമാണ് പങ്കജ്കുമാർ ത്രിപാഠിയുടേതായി സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തത്. 

മകൻ സൈന്യത്തില്‍ പോകുന്നതിൽ തനിക്കൊട്ടും താത്പര്യമുണ്ടായിരുന്നില്ല എന്ന് സുശീലാ ദേവി പറയുന്നു. എല്ലാ ദിവസവും വൈകിട്ട് വീട്ടിലെത്തുന്ന ജോലിക്ക് പോയാൽ മതിയെന്നായിരുന്നു തന്റെ ആ​ഗ്രഹം. 2012 ലാണ് പങ്കജ്കുമാർ സിആർപിഎഫിൽ സൈനിക സേവനത്തിന് എത്തുന്നത്. 2017ൽ സിആർപിഎഫിൽ ഒരു വർഷത്തെ പ്രത്യേക ഡ്രൈവിം​ഗ് പരിശീലനം പൂർത്തിയാക്കി. പങ്കജ് കുമാറിന്റെ വിയോ​ഗത്തിൽ തകർന്നിരിക്കുകയാണ് ഈ കുടുംബം.