രാജ്യത്ത് ഗോതമ്പിന്റെ വില ക്വിന്റലിന് 105 രൂപയായി വർധിപ്പിച്ചു. ഇതോടെ ക്വിന്റലിന് 1,735 രൂപയായിരുന്ന ​ഗോതമ്പിന്റെ വില 1,840 ആയി ഉയരും. കൂടാതെ കർഷകർക്ക് 62,635 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നും കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.  

ദില്ലി: സര്‍ക്കാരിന്‍റെ കര്‍ഷക ദ്രോഹ നയങ്ങൾക്കെതിരെ ഭാരതീയ കിസാൻ യൂണിയന്‍റെ നേതൃത്വത്തിൽ ദില്ലിയിലേക്ക് നടന്ന സമരത്തിനൊടുവിൽ ആശ്വാസമേകി കേന്ദ്ര സർക്കാർ. ​രാജ്യത്ത് ഗോതമ്പിന്റെ താങ്ങുവില ക്വിന്റലിന് 105 രൂപയായി വർധിപ്പിച്ചു. ഇതോടെ ക്വിന്റലിന് 1,735 രൂപയായിരുന്ന ​ഗോതമ്പിന്റെ വില 1,840 ആയി ഉയരും. കൂടാതെ കർഷകർക്ക് 62,635 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നും കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സാമ്പത്തിക കാര്യ വകുപ്പിന്റെതാണ് തീരുമാനം. ഖാരിഫ് വിളകൾക്ക് കർഷകരുടെ ഉല്പാദന ചെലവിനേക്കാൾ 50 ശതമാനം കൂടുതൽ വില നൽകുമെന്ന വാ​ഗ്ദാനത്തിന് പുറകെയാണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.‌‌‌ കാര്‍ഷിക വകുപ്പിന്റെ പ്രത്യേക ഉപദേശക സമിതി സമര്‍പ്പിച്ച ശുപാര്‍ശയിലാണ് താങ്ങുവില വര്‍ധിപ്പിച്ചത്.

ഇതുകൂടാതെ എല്ലാത്തരം റാബി വിളകള്‍ക്കും താങ്ങുവില ഉത്പാദന ചിലവിനേക്കാള്‍ 50 മുതല്‍ 112 ശതമാനം വരെ വര്‍ധിപ്പിച്ചുവെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ് വ്യക്തമാക്കി. ബാർലി ക്വിന്റലിന് 30 രൂപ കൂട്ടി 1,440 രൂപയും, ചന്ന കടലയ്ക്ക് ക്വിന്റലിന് 220 രൂപ കൂട്ടി 4,620 രൂപയായി ഉയർത്തി. പരിപ്പിന് ക്വിന്റലിന് 225 രൂപ ഉയർന്ന് 4,275 രൂപയും, കടുകിന് ക്വിന്റലിന് 200 രൂപ വർധിച്ച് 4,200 രൂപയും വർദ്ധിപ്പിച്ചു.