40 അംഗങ്ങളുള്ള ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന്റെ ആകെയുള്ള 16 എംഎല്‍എമാരില്‍ 13 പേരാണ് ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ട് ബിജെപി സര്‍ക്കാര്‍ പിരിച്ചുവിട്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ടത്.

ദില്ലി: കര്‍ണാടകയ്‌ക്ക് പിന്നാലെ ഗോവ, ബിഹാര്‍, മേഘാലയ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലും നാടകീയ നീക്കങ്ങള്‍. ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് 13 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടു. ബിഹാറില്‍ ആര്‍ജെഡി എംഎല്‍എമാരും ഇന്ന് ഗവര്‍ണറെ കാണും. കര്‍ണാടകത്തില്‍ കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ബി എസ് യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് മറുതന്ത്രം പയറ്റുകയാണ് കോണ്‍ഗ്രസും ആര്‍ജെഡിയും.

40 അംഗങ്ങളുള്ള ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന്റെ ആകെയുള്ള 16 എംഎല്‍എമാരില്‍ 13 പേരാണ് ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ട് ബിജെപി സര്‍ക്കാര്‍ പിരിച്ചുവിട്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ടത്. 13 അംഗങ്ങളുള്ള ബിജെപി ഗോവയില്‍ പ്രാദേശിക പാര്‍ട്ടികളുടേയും സ്വതന്ത്രരുടേയും പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ബിഹാറില്‍ 243 അംഗ സഭയില്‍ 80 എംഎല്‍മാരുള്ള ആര്‍ജെഡിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാണ് തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍ജെഡി എംഎല്‍എമാരുടെ ആവശ്യം.

71 എംഎല്‍എമാരുള്ള ജെഡിയുവും 53 സീറ്റുള്ള ബിജെപിയും ചേര്‍ന്ന രൂപീകരിച്ച സര്‍ക്കാര്‍ പിരിച്ചുവിടണമെന്നും ആര്‍ജെഡി ആവശ്യപ്പെട്ടു. മണിപ്പൂരില്‍ 60 അംഗ സഭയില്‍ 28 സീറ്റ് നേടി വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ടാണ് മുന്‍ മുഖ്യമന്ത്രി ഒഖ്റാം ഇബോബി സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കാണുന്നത്. മേഘലയില്‍ രണ്ട് സീറ്റ് മാത്രമുള്ള ബിജെപി നാണല്‍ പീപ്പിള്‍സ് പാര്‍ട്ടിയെ മുന്‍ നിര്‍ത്തി രൂപീകരിച്ച സര്‍ക്കാര്‍ പിരിച്ചുവിടണമെന്നാണ് മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ ആവശ്യം.