മുംബൈ: പതിനാല് പേരുടെ മരണത്തിനിടയാക്കിയ മുംബൈയിലെ ഭക്ഷണശാലയിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ നഗരത്തിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ച് നീക്കി സര്‍ക്കാര്‍. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും അനധികൃതമായി നിര്‍മ്മിച്ചതുമായ കെട്ടിടങ്ങളാണ് പൊളിച്ച് നീക്കിയത്. 

മുംബൈ സേനാപതി മാര്‍ഗിലെ കമല മില്ലിനകത്തുണ്ടായ തീപിടുത്തത്തില്‍ 14 പേരാണ് മരിച്ചത്. ഇതില്‍ 12 പേര്‍ സ്ത്രീകളാണ്. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരാണ്. നിരവധി ഓഫീസുകളും ഹോട്ടലുകളും ഫ്‌ലാറ്റുകളുമൊക്കെയുള്ള നാല്‍പ്പതോളം ഏക്കര്‍ കോമ്പൗണ്ടിലാണ് വ്യാഴാഴ്ച അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെ തീപിടുത്തമുണ്ടായത്. 

സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ കെട്ടിടങ്ങളുടെ സുരക്ഷാമാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് ഉത്തരവിട്ടിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അനധികൃതമായി നിര്‍മ്മിച്ചതായി കണ്ടെത്തിയ കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്. 

ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനാ(ബിഎംസി)ണ് അനധികൃതമായി നിര്‍മ്മിച്ച ആറോളം ഭക്ഷണശാലകള്‍ പൊളിച്ചത്. അനധികൃതമായി മേല്‍ക്കൂരകള്‍ നിര്‍മ്മിച്ച കമല മില്‍സിലെ രണ്ട് ഭക്ഷണശാലകള്‍, കൈയ്യേറി നിര്‍മ്മിച്ച രഘുവംശി മില്‍സിലെ മൂന്ന് കെട്ടിടങ്ങള്‍ എന്നിവയാണ് പൊളിച്ചത്. മുംബൈയിലെ പ്രശസ്ത ഭക്ഷണശാലയായ പ്രവാസും പൊളിച്ച കെട്ടിടങ്ങളില്‍ പെടും. ട്രയിനിന്റെ ബോഗിയ്ക്ക് സമാനമായി നിര്‍മ്മിച്ച പ്രവാസ് മെഷീന്‍ ഉപയോഗിച്ചാണ് പൊളിച്ച് കളഞ്ഞതെന്ന് ബിഎംസി അധികൃതര്‍ പറഞ്ഞു. 

മോജോ ബ്രിസ്റ്റോ എന്ന റെസ്റ്റോറന്റില്‍നിന്ന് പടര്‍ന്ന തീ അരമണിക്കൂര്‍കൊണ്ട് ഈ ഹോട്ടലിന് സമീപത്തെ കെട്ടികങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. നിരവധി വാര്‍ത്താ ചാനലുകളും മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത് ഈ ഭാഗത്താണ്. തീപിടുത്തത്തെത്തുടര്‍ന്ന് ചില ചാനലുകളുടെ പ്രവര്‍ത്തനം തന്നെ സ്തംഭിച്ചു.