നിയന്ത്രണരേഖയില്‍ പാക് സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യയുടെ പ്രത്യാക്രമണം  നിരവധി പാക് ബങ്കറുകള്‍ ബിഎസ്എഫ് തകര്‍ത്തു

ദില്ലി: നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യയുടെ പ്രത്യാക്രമണം. നിരവധി പാക് ബങ്കറുകള്‍ ബിഎസ്എഫ് തകര്‍ത്തു. അതേസമയം, കശ്മീര്‍ പ്രശ്നം പാകിസ്ഥാന്‍ വീണ്ടും ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചു. കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കശ്മീര്‍ സന്ദര്‍ശനത്തിന് തൊട്ടു പിന്നാലെയാണ് പാകിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ബിഎസ്എഫ് പ്രത്യാക്രമണം നടത്തിയത്. നിയന്ത്രണരേഖയ്ക്ക് സമീപം നിരവധി പാകിസ്ഥാന്‍ ബങ്കറുകള്‍ തകര്‍ക്കുന്ന വീഡിയോ സൈന്യം തന്നെ പുറത്ത് വിട്ടു. പാകിസ്ഥാൻ കഴിഞ്ഞ ദിവസം നടത്തിയ വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാനും നാല് നാട്ടുകാരും കൊല്ലപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ രണ്ട് ആഴ്ച്ചക്കിടെ ആറ് തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. അതേസമയം, ശ്രീനഗറിലും അഖ്നൂരിലും സിആര്‍പിഎഫ് വാഹനത്തിന് നേരെ യുവാക്കള്‍ കല്ലെറിഞ്ഞു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു.

ഹന്ദ്വാരയില്‍ സൈനികര്‍ക്ക് നേരെ കല്ലെറിഞ്ഞവരെ പിരിച്ചുവിടാന്‍ റമ്പര്‍ബുള്ളറ്റ് പ്രയോഗിച്ചു. ഒന്‍പതുവയസ്സുകാരന്‍ ഉള്‍പ്പടെ 12 പേര്‍ക്ക് ബുള്ളറ്റ് പ്രയോഗത്തില്‍ ഗുരുതര പരിക്കേറ്റു. റംസാൻ മാസത്തിൽ കശ്മീരിനുള്ളിലെ സൈനിക ഓപ്പറേഷൻ നിറുത്തി വച്ച കേന്ദ്രം ഇങ്ങോട്ടാക്രമണം ഉണ്ടായാൽ തിരിച്ചടിച്ചാൽ മതിയെന്നാണ് നിർദേശം നല്‍കിയത്. തര്‍ക്കത്തില്‍ പ്രശ്ന പരിഹാരം ആകാതെ താഴ്വരയില്‍ സമാധാനം ഉണ്ടാകില്ലെന്ന് പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭയില്‍ ചൂണ്ടികാട്ടി. എല്ലാ തർക്കങ്ങളും ഒരേ പോലെ കാണണമെന്നും കശ്മീരിൻറെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും പാകിസ്ഥാൻ പ്രതിനിധി മലീഹാ ലോധി ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടു.