ദില്ലി: ലോക്സഭയില്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി നിര്‍മല സീതാരമാനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വാക് പോര് തുടരുന്നു.   ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സിന് ഒരു ലക്ഷം കോടിയലധികം രൂപയുടെ പ്രതിരോധ കരാര്‍ നല്‍കിയെന്ന് ലോക്സഭയില്‍ പറഞ്ഞ പ്രതിരോധ മന്ത്രിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയതിന് പിന്നാലയൊണിത്. 

എച്ച് എ എല്ലുമായി ഉണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ടാണ് പ്രതിരോധ മന്ത്രി മറുപടി നല്‍കിയിരിക്കുന്നത്. അടിസ്ഥാന രഹിതമായി ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.  ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് ഒരു ലക്ഷം കോടി രൂപയുടെ പ്രതിരോധകരാറുകൾ നൽകിയെന്ന് പ്രതിരോധമന്ത്രി നി‍ർമലാ സീതാരാമൻ പാർലമെന്‍റിൽ കളവ് പറഞ്ഞെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണം. 

ഇത് സംബന്ധിച്ച് എച്ച് എ എല്‍ നല്‍കിയെന്ന തരത്തിലുള്ള ഒരു ദേശീയ ദിനപത്രത്തില്‍ വാര്‍ത്തയെ ഉദ്ധരിച്ചായിരുന്നു രാഹുലിന്‍റെ വിമര്‍ശനം. തങ്ങള്‍ക്ക് ഒരു രൂപയുടെ കരാര്‍ പോലും ലഭിച്ചിട്ടില്ലെന്ന് എച്ച്എഎല്‍ വ്യക്തമാക്കിയതായിട്ടായിരുന്നു മാധ്യമ റിപ്പോര്‍ട്ട്. റഫാൽ ഇടപാട് എച്ച്എഎല്ലിന് നൽകിയില്ലെങ്കിലും മറ്റ് നിരവധി വിലപ്പെട്ട പ്രതിരോധകരാറുകൾ കേന്ദ്രസർക്കാർ ഇടപെട്ട് നൽകിയിട്ടുണ്ടെന്നായിരുന്നു പ്രതിരോധമന്ത്രി നിർമലാസീതാരാമൻ കോൺഗ്രസിന് മറുപടിയായി പാർലമെന്‍റിനെ അറിയിച്ചത്.  

ഒരു ലക്ഷം കോടി രൂപയുടെ കരാറുകൾ നൽകിയെങ്കിൽ അതിന് തെളിവ് എവിടെ?, ആ തെളിവ് തന്നില്ലെങ്കിൽ നിർമല രാജി വയ്ക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.  ഇതിന് മറുപടിയായി കണക്കുകള്‍ നിരത്തിയാണ് പ്രതിരോധ മന്ത്രിയുടെ മറപടി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിരുന്ന് കള്ളങ്ങള്‍ വിളിച്ച് പറയുകയും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതില്‍ ദു:ഖമുണ്ട്. 

എച്ച്എഎല്ലുമായി ഇതുവരെ 26570 കോടിയുടെ കരാറില്‍ ഒപ്പു വച്ചു കഴിഞ്ഞു. 73000 കോടിയുടെ കരാറുമായി ബന്ധപ്പെട്ട് കമ്പനിയുമായി ധാരണയില്‍ എത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറഞ്ഞ് പാര്‍ലമെന്‍റ് അംഗത്വം രാജിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കരാറുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രതിരോധ മന്ത്രി പുറത്തുവിട്ടിട്ടുണ്ട്. എഎല്‍എച്ച് ദ്രുവ് ഹെലികോപ്ടറുകള്‍, എഎല്‍31 എഫ്പി, ആര്‍ഡി 33 എന്‍ജിന്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്, ഡോണിയര്‍ എയര്‍ക്രാഫ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട കരാറുകളാണ് എച്ച്എഎല്ലുമായി ഉള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.