അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിന്റേതെന്ന് കരുതുന്ന സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ ബി.ജെ.പിക്കെതിരെ വീണ്ടും ഹര്‍ദിക്. നേരത്തെ വന്നതിന് സമാനമായി 52ലധികം മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ ബി.ജെ.പി പുറത്തുവിടുമെന്നാണ് ഹര്‍ദിക് പട്ടേല്‍ ആരോപിക്കുന്നത്. അതേസമയം ബി.ജെ.പിയുടെ വൃത്തികെട്ട രാഷ്ട്രീയം പുറത്തുകൊണ്ടുവരാന്‍ ഈ ദൃശ്യങ്ങള്‍ സഹായിച്ചെന്നും, അക്കാര്യത്തില്‍ ബി.ജെ.പിയോട് നന്ദി പറയുന്നതായും ഹര്‍ദിക് പരഹസിച്ചു.

ഇത് ഞങ്ങള്‍ക്ക് ചില കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ്. എന്നാല്‍ ഇത്തരം വ്യാജ ദൃശ്യങ്ങള്‍ കൊണ്ട് ഞങ്ങളെ തകര്‍ക്കാന്‍ സാധിക്കില്ലെന്നും ഹര്‍ദിക് പറഞ്ഞു.ദൃശ്യവുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന നിലപാടിലാണ് ഹര്‍ദിക്. 

ഗുജറാത്ത് അസംബ്ലി തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചതോടൊപ്പം തന്റെതെന്ന പേരില്‍ നഗ്ന ദൃശ്യങ്ങള്‍ ബി.ജെ.പി പുറത്തുവിടുമെന്ന് ഹര്‍ദിക് പറഞ്ഞിരുന്നു. 2017 മെയ് 16ന് ഒരു ഹോട്ടല്‍ മുറിയില്‍ ചിത്രീകരിച്ചതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. അജ്ഞാതയായ സ്ത്രീയോടൊപ്പം ഹര്‍ദിക്കിന്റെ രൂപസാദൃശ്യമുള്ള യുവാവുമാണ് വീഡിയോയില്‍ ഉള്ളത്. പ്രാദേശിക ചാനലുകളായിരുന്നു ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

അതേസമയം ബി.ജെ.പി കാര്യമായ പ്രതികരണങ്ങള്‍ക്കൊന്നും മുതിരാതെ മാറിനില്‍ക്കുന്നത് ശ്രദ്ധേയമായി. പട്ടേലിന്റെ സെക്‌സ് സി.ഡിയുമായി യാതൊരു ബന്ധവുമില്ലെന്നും, ചിത്രത്തിലില്ലാത്ത ബി.ജെ.പിയെ വലിച്ചിഴക്കരുതെന്നുമായിരുന്നു ബി.ജെ.പിയുട പ്രതികരണം.