കടുവ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടതായി അദ്ദേഹം വെളിപ്പെടുത്തുന്നു. സിംഹങ്ങളെ കാണപ്പെടുന്ന സ്വാഭാവിക വനപ്രദേശമായ ഗീർവനത്തിൽ 1989 ലാണ് അവസാനമായി കടുവയെ കണ്ടത്.
ഗുജറാത്ത്: മൂന്ന് പതിറ്റാണ്ടിന് ശേഷം ഗുജറാത്തിലെ ഗീർ വനങ്ങളിൽ കടുവയെ കണ്ടെത്തിയതായി റിപ്പോർട്ട്. മഹിസാഗർ ജില്ലയിൽ റോഡിലൂടെ കടുവ നടന്നു പോകുന്നതായി വഴിപോക്കനായ ഒരാൾ കണ്ടതായി സാക്ഷ്യപ്പെടുത്തുന്നു. സംസ്ഥാന വനംവകുപ്പ് മന്ത്രി ഗണപത് വാസവ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. കടുവ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടതായി അദ്ദേഹം വെളിപ്പെടുത്തുന്നു. സിംഹങ്ങളെ കാണപ്പെടുന്ന സ്വാഭാവിക വനപ്രദേശമായ ഗീർവനത്തിൽ 1989 ലാണ് അവസാനമായി കടുവയെ കണ്ടത്.
നാലുവർഷത്തിലൊരിക്കൽ ഇവിടെ കടുവയുടെ സാന്നിദ്ധ്യമുണ്ടോ എന്നറിയാനായി കേന്ദ്ര സർക്കാർ കണക്കെടുപ്പ് നടത്തിയിരുന്നു. മഹിസാഗർ ജില്ലയിലെ ഭോരിയ ഗ്രാമത്തിലെ അധ്യാപകനാണ് കഴിഞ്ഞയാഴ്ച റോഡിൽ വച്ച് കടുവയെ കണ്ടത്. തന്റെ മൊബൈലിൽ ഈ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങൾ വൈറലായതിനെ തുടർന്നാണ് വനംവകുപ്പ് ഈ പ്രദേശത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്.
അയൽസംസ്ഥാനങ്ങളായ രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാകാം കടുവ എത്തിയതെന്ന് കരുതപ്പെടുന്നു. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് കടുവയെ കാണാതായതായി റിപ്പോർട്ടുണ്ട്. ഈ പ്രദേശത്ത് കടുവയെ കണ്ടെത്തിയെന്ന കാര്യം ഉറപ്പാണെന്നും ഇവിടെ കടുവകൾക്ക് വാസയോഗ്യമാണോ എന്ന വസ്തുത പരിശോധിക്കുമെന്നും വനംമന്ത്രി വ്യക്തമാക്കി. മാത്രമല്ല, വേറെയും കടുവകൾ ഈ പ്രദേശത്തുണ്ടോ എന്നും കൂടുതൽ പരിശോധന നടത്തും.
