ദില്ലി: ഒറ്റയടിക്ക് മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നല്‍കുന്ന ബില്‍ ലോക്‌സഭ പാസാക്കിയതിന് പിന്നാലെ സര്‍ക്കാര്‍ ബഹു ഭാര്യത്വം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി മുസ്ലീം വനിതകള്‍. മുത്തലാഖിനേക്കാള്‍ മോശപ്പെട്ട കീഴ്‍വഴക്കമാണ് ബഹുഭാര്യത്വം. പുതിയ നിയമം ഉപയോഗിച്ച് ഇത് നിരോധിക്കണമെന്നും മുസ്ലീം വനിതകള്‍ ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരില്‍നിന്ന് മുത്തലാഖ് നിരോധിക്കുന്ന തരത്തിലുള്ള നീക്കമുണ്ടായതില്‍ സംതൃപ്തരാണെന്ന് അപെക്‌സ് കോടതിയില്‍ മുത്തലാഖിനെതിരെ സുപ്രീം കോടതിയില്‍ നിയമപോരാട്ടം നടത്തിയ അഭിഭാഷകരായ ഫറ ഫായിസ്, റിസ്വാന, റസിയ എന്നിവര്‍ പറഞ്ഞു. മുത്തലാഖ് നിരോധന നിയമം ഒരു പുതിയ തുടക്കമാണെമെന്നും ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് നേരെയുള്ള ആയുധമാണ് ബില്‍ എന്നും അവര്‍ വ്യക്തമാക്കി.
" നിക്കാഹ് ഹലാല എന്ന സ്ത്രീ വിരുദ്ധ നിയമമാണ് മുത്തലാഖ് വര്‍ദ്ധിക്കാന്‍ പ്രധാന കാരണം. നിക്കാഹ് ഹലാല നിയമമനുസരിച്ച് ഒരു സ്ത്രീയെ ആദ്യ ഭര്‍ത്താവ് തലാഖ് ചൊല്ലിയാല്‍, ഈ സ്ത്രീ മറ്റൊരാളെ വിവാഹം കഴിച്ച് അയാള്‍ മരിക്കുകയോ, തലാഖ് ചൊല്ലുകയോ ചെയ്താല്‍ മാത്രമേ ആദ്യ ഭര്‍ത്താവിനെ രണ്ടാമത് വിവാഹം കഴിക്കാനാകു" - അവര്‍ വിശദീകരിച്ചു
മുത്തലാഖ് നിരോധിച്ചതിനെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ, ഈ നിയമത്തെ മുതലെടുത്ത് പുരുഷന്‍മാര്‍ ഒന്നില്‍കൂടുതല്‍ വിവാഹം കഴിക്കാന്‍ സാധ്യതയുണ്ട്. ഇന്നും നിലനില്‍ക്കുന്ന സംവിധാനമാണ് ബഹുഭാര്യത്വം. അതുകൊണ്ട്, മുത്തലാഖ് നിരോധിച്ച നിയമം ഉപയോഗിച്ച് തന്നെ ഈ കീഴ് വഴക്കവും ഇല്ലാതാക്കണമെന്നും റിസ്വാന പറഞ്ഞു. ബഹുഭാര്യത്വത്തിന്റെ ഇരകൂടിയാണ് 33 കാരിയായ റിസ്വാന. 24കാരിയായ റാസിയ മുത്തലാഖിന്റെ ഇരയുമാണ്.
