സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ടാക്സി കമ്പനിയായ ഡിഡിയുടെ വാഹനങ്ങളില്‍ വെച്ചാണ് അടുത്തിടെ രണ്ട് സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടത്.

ബെയ്ജിങ്: രാത്രി 10 മണിക്ക് ശേഷം തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളെ ടാക്സികളില്‍ കയറ്റരുതെന്ന് പുരുഷ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം. തുടര്‍ച്ചയായ രണ്ട് ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടൊണ് ചൈനീസ് തലസ്ഥാനമായ ബെയ്ജിങിലെ പ്രാദേശിക ഭരണകൂടം ഇത്തരമൊരു ഉത്തരവിറക്കിയത്. കൂടുതല്‍ വനിതാ ടാക്സി ഡ്രൈവര്‍മാരെ രംഗത്തിറക്കി യാത്രാക്ലേശം പരിഹരിക്കാനാണ് ശ്രമം.

സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ടാക്സി കമ്പനിയായ ഡിഡിയുടെ വാഹനങ്ങളില്‍ വെച്ചാണ് അടുത്തിടെ രണ്ട് സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടത്. ഇതിലൊരാള്‍ കൊല്ലപ്പെടുകയും ചെയ്തു. 21കാരിയായ എയര്‍ ഹോസ്റ്റസാണ് യാത്രയ്ക്കിടെ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ഈ കേസില്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ അച്ഛന്റെ കാര്‍ ഉപയോഗിച്ചാണ് ഇയാള്‍ അനധികൃതമായി സര്‍വ്വീസ് നടത്തിയത്. ഈ സംഭവത്തിന് പിന്നാലെ 22 കാരിയായ മറ്റൊരു യുവതിയും പീഡനത്തിനിരയായി. നഗരത്തില്‍ നിന്ന് മാറി തിരക്കൊഴിഞ്ഞ ഒരു സ്ഥലത്ത് വാഹനം എത്തിച്ച ശേഷം ഡ്രൈവര്‍ കാറിന്റെ പിന്‍ സീറ്റിലേക്ക് കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ നേരത്തെ തന്നെ സംശയം തോന്നിയിരുന്നതിനാല്‍ യുവതി തന്റെ കുടുംബാംഗങ്ങളെ വിളിച്ച് വിവരം അറിയിച്ചിരുന്നു. ഇവര്‍ സ്ഥലത്തെത്തിയതോടെ വസ്ത്രവും വാഹനവും ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപെട്ടു. പ്രതിയായ 35കാരനെ പീന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ട് പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ടാക്സി കമ്പനി ഉടനെ അധികൃതര്‍ അടച്ചുപൂട്ടുകയായിരുന്നു. എന്നാല്‍ പുരുഷ ഡ്രൈവര്‍മാര്‍ക്ക് ശക്തമായ നിയന്ത്രണങ്ങള്‍ വരുത്തി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. രാത്രി 10 മുതല്‍ രാവിലെ ആറ് മണി വരെ ഒറ്റയ്ക്ക് സ്ത്രീ യാത്രക്കാരെയുമായി പുരുഷ ഡ്രൈവര്‍മാര്‍ യാത്ര ചെയ്യാന്‍ പാടില്ല. അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് സുഹൃത്തുകളെയോ ബന്ധുക്കളെയോ ബന്ധപ്പെടാനുള്ള പാനിക് ബട്ടന്‍ ഘടിപ്പിക്കുന്നതുള്‍പ്പെടെയുള്ള സംവിധാനങ്ങളും നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.