Asianet News MalayalamAsianet News Malayalam

അഗ്നിപരീക്ഷ ജയിച്ച് ശോഭ... ആ അശ്ലീലദൃശ്യങ്ങളിലുള്ളത് മറ്റൊരാള്‍

സഹപ്രവര്‍ത്തകരുടെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് വന്ന ഒരു അശ്ലീല വീഡിയോയിലുള്ളത് തന്‍റെ ഭാര്യയാണെന്ന് ഭര്‍ത്താവിന് സംശയം തോന്നിയതോടെയാണ് ശോഭയുടെ ജീവിതം കീഴ്മേല്‍ മറിയുന്നത്.

after two year long fight shobha proves her innocence
Author
Kochi, First Published Nov 25, 2018, 11:24 AM IST

കൊച്ചി: തന്നോട് മുഖസാദൃശ്യമുള്ള യുവതിയുടെ അശ്ലീലദൃശ്യങ്ങളുടെ പേരില്‍ ജീവിതം പ്രതിസന്ധിയിലായ വീട്ടമ്മയ്ക്ക് ഒടുവില്‍ ആശ്വാസം. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച അശ്ലീലദൃശ്യങ്ങളിലുള്ളത് തൊടുപുഴക്കാരിയായ ശോഭയല്ലെന്ന് വിദഗ്ദ്ധ പരിശോധനയില്‍ തെളിഞ്ഞു. സ്വന്തം നഗ്നദൃശ്യങ്ങള്‍ താന്‍ തന്നെ പ്രചരിപ്പിച്ചുവെന്ന ഭര്‍ത്താവിന്‍റെ ആരോപണം തെറ്റെന്ന് തെളിയിക്കാനായി രണ്ടരവര്‍ഷമാണ് ശോഭ പോരാടിയത്. 

ശോഭയുടെ ഭര്‍ത്താവും അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരും അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിലേക്ക് വന്ന ഒരു അശ്ലീലവീഡിയോയുടെ പേരിലാണ് ശോഭയുടെ ജീവിതം മാറി മറിയുന്നത്. ശോഭയുടേത് എന്ന പേരിലാണ് ആ വീഡിയോ ക്ലിപ്പ് ഗ്രൂപ്പിലേക്ക് വന്നത്. വീഡിയോ കണ്ട ഭര്‍ത്താവിന് ദൃശ്യങ്ങളിലുള്ളത് തന്‍റെ ഭാര്യ തന്നെയാണെന്ന് സംശയം തോന്നിയതോടെ കഥ മാറി. അതേ ചൊല്ലിയുള്ള തര്‍ക്കങ്ങളും വഴക്കും ശോഭയുടെ കുടുംബജീവിതം തകര്‍ത്തു. 

വഴക്ക് മൂത്ത് ഒടുവില്‍മൂന്ന് മക്കളുടെ അമ്മയായ ശോഭയെ ഇയാള്‍ ഒരു രാത്രി വീട്ടില്‍ നിന്നും ഇറക്കിവിട്ടു. വൈകാതെ കോടതിയില്‍ വിവാഹമോചന ഹര്‍ജിയും നല്‍കി. രണ്ടര വര്‍ഷക്കാലം മക്കളെ കാണാനോ ബന്ധപ്പെടാനും ശോഭയ്ക്ക് വിലക്ക് നേരിടേണ്ടി വന്നു. ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന് ശോഭ കേണു പറഞ്ഞിട്ടും മുഖവിലയ്ക്കെടുക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ല. കുടുംബജീവിതം തകരുകയും നാട്ടുകാര്‍ക്കും സമൂഹത്തിനും അപമാനിതയായി നില്‍ക്കുകയും ചെയ്യേണ്ടി വന്ന ശോഭ അതോടെയാണ് നിരപരാധിതത്വം തെളിയിക്കാനായി നിയമപോരാട്ടത്തിന് ഇറങ്ങിയത്. 

ഡിജിപിക്കും മുഖ്യമന്ത്രിക്കും അടക്കം ശോഭ പരാതി നല്‍കി. എന്നാല്‍ കേസ് ആദ്യം അന്വേഷിച്ച കേരള പൊലീസ് തികഞ്ഞ അലംഭാവവമാണ് അന്വേഷണത്തില്‍ കാണിച്ചത്. ഇതോടെ ശോഭ ഡിജിപിയെ നേരില്‍ കണ്ടു. പ്രശ്നത്തില്‍ ഇടപെട്ട ഡിജിപി ലോക്നാഥ ബെഹ്റ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കിന്‍റെ തിരുവനന്തപുരം കേന്ദ്രത്തില്‍ വച്ചു നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ ദൃശ്യങ്ങളിലുള്ളത് ശോഭയല്ലെന്ന് തെളിഞ്ഞു. ശോഭയുമായി വിദൂര സാദൃശ്യം പോലുമില്ലാത്ത സ്ത്രീയാണ് വീഡിയോയില്‍ ഉള്ളതെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

രണ്ടരവര്‍ഷം നീണ്ട യാതനകള്‍ക്കും മാനസികസമ്മര്‍ദ്ദത്തിനും ഒടുവില്‍ സത്യം പുറത്തു വരുന്പോള്‍ ദൈവത്തിനും ഒപ്പം നിന്നവര്‍ക്കും നന്ദി പറയുകയാണ് ശോഭ. എന്‍റെ മക്കള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇത്രയും പോരാടിയത്. അമ്മ മോശക്കാരിയാണെന്ന് ചീത്തപ്പേര് അവര്‍ക്കുണ്ടാവരുത്.. ശോഭ പറയുന്നു. ദൃശ്യങ്ങളിലുള്ളത് ശോഭയല്ലെന്ന് തെളിഞ്ഞെങ്കിലും കേസിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല. ഭര്‍ത്താവ് അംഗമായ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ശോഭയുടെ പേരില്‍ ഈ അശ്ലീല ക്ലിപ്പെത്തിച്ചത് ആരാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. നിരപരാധിയാണെന്ന് തെളിഞ്ഞ ശോഭയോട് ഭര്‍ത്താവ് ഇനി സ്വീകരിക്കുന്ന നിലപാട് എന്താണെന്നതും കണ്ടറിയണം. 

Follow Us:
Download App:
  • android
  • ios