2006 ല്‍ സിദാന്‍ കലാശക്കളിവരെ എത്തിച്ചെങ്കിലും മറ്റരാസിയെ ഇടിച്ചിട്ട് പുറത്തുപോയതോടെ കിരീടം കൈവിട്ടുപോയി

മോസ്ക്കോ: റഷ്യന്‍ ലോകകപ്പിന്‍റെ പന്തുരുളുമ്പോള്‍ സെമി ഫൈനലിലെത്തുന്ന ആദ്യ ടീമെന്ന ഖ്യാതി ഫ്രഞ്ച് പട സ്വന്തമാക്കി. വീറോടെ പൊരുതിയ ഉറുഗ്വയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. ബ്രസീല്‍ ബെല്‍ജിയം മത്സരത്തിലെ വിജയികളുമായാണ് ഫ്രാന്‍സ് സെമിയില്‍ പോരടിക്കുക.

അതേസമയം സിനെദിന്‍ സിദാനെന്ന ഇതിഹാസ താരത്തിന്‍റെ കാലത്തിന് ശേഷം ഇതാദ്യമായാണ് ഫ്രാന്‍സ് സെമിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. ഫുട്ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ ഫ്രാന്‍സിന്‍റെ ആറാം സെമി പ്രവേശനം കൂടിയാണിത്. 1998 ല്‍ സിദാന്‍റെ സുവര്‍ണകാലത്ത് മാത്രമാണ് ഫ്രഞ്ച് പട കിരീടത്തില്‍ മുത്തമിട്ടിട്ടുള്ളത്.

2006 ല്‍ സിദാന്‍ കലാശക്കളിവരെ എത്തിച്ചെങ്കിലും മറ്റരാസിയെ ഇടിച്ചിട്ട് പുറത്തുപോയതോടെ കിരീടം കൈവിട്ടുപോയി. അതിന് ശേഷം ഇതാദ്യമായാണ് ഫ്രാന്‍സ് സെമിയിലെത്തുന്നത്. 1958 ലാണ് ഫ്രാന്‍സ് ആദ്യമായി സെമിയിലെത്തുന്നത്. അന്ന് മൂന്നാം സ്ഥാനത്തായ അവര്‍ 1982 ല്‍ നാലാം സ്ഥാനത്തും 86 ല്‍ മൂന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്.

സിദാന്‍റെ വിരമിക്കലിന് ശേഷമുള്ള ഏറ്റവും മികച്ച നിരയുമായാണ് ഇക്കുറി അവര്‍ കിരീടമോഹം വച്ചുപുലര്‍ത്തുന്നത്. 2010 ല്‍ ഗ്രൂപ്പ് ഘട്ടത്തിലും 2014 ല്‍ ക്വാര്‍ട്ടറിലും തകര്‍ന്നടിഞ്ഞ സ്വപ്നങ്ങള്‍ ഇക്കുറി എംബാപ്പയും പോഗ്ബയും ഗ്രീസ്മാനുമടങ്ങുന്ന സംഘം യാഥാര്‍ത്ഥ്യത്തിലെത്തിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.