ശബരിമലയിലെ നിരോധനാജ്ഞ ഈ മാസം 30 വരെ നീട്ടി. പൊലീസിന്‍റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടേയും ആവശ്യപ്രകാരമാണ് നടപടി.
സന്നിധാനം: ശബരിമല സന്നിധാനമടക്കം നാല് സ്ഥലങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ഈ മാസം 30 വരെ നീട്ടി. പൊലീസിന്‍റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടേയും ആവശ്യപ്രകാരമാണ് നടപടി. ക്രമസമാധാനപ്രശ്നങ്ങള്‍ തുടരുന്നെന്ന് റിപ്പോര്‍ട്ടും നല്‍കി. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.
സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ ദീർഘിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. ശരണം വിളിക്കുന്നതിനോ, ഭക്തർ സംഘമായി ദർശനത്തിനെത്തുന്നതിനോ തടസ്സമുണ്ടാകില്ലെന്നും കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
യുവതി പ്രവേശന വിധി വന്ന ശേഷം വിവിധ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 92 കേസുകൾ രജിസ്ട്രർ ചെയ്തുവെന്നാണ് പൊലീസ് റിപ്പോർട്ട്. നിരോധനാജ്ഞ ലംഘിച്ചതിന് കഴിഞ്ഞ ദിവസങ്ങളിൽ 90 പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാർ ഏത് നിമിഷവും ശബരിമലയിൽ കേന്ദ്രീകരിക്കാൻ സാധ്യതയുള്ളതിനാൽ ജനുവരി 14 വരെ നിരോധനാജ്ഞ ദീർഘിപ്പിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ ആവശ്യം. ശബരിമല സന്നിധാനത്തും മറ്റ് മൂന്നിടങ്ങളിലും ക്രമസമാധാന പ്രശ്നങ്ങൾ തുടരുന്ന സാഹചര്യമുണ്ടെന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരും റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ കലക്ടർ പിബി നൂഹ് നിരോധനാജ്ഞ നീട്ടി ഉത്തരവിറക്കിയിരിക്കുന്നത്.
