സ്റ്റേഷൻ മാസ്റ്റർമാരടക്കമുള്ള ഓപ്പറേറ്റിംഗ് വിഭാഗത്തിലുള്ളവർ പുറത്തിറങ്ങാതെ ഓഫീസിനുള്ളിൽ ഒളിച്ചിരിക്കുന്നുവെന്ന് എം ഡി ഇത് സംബന്ധിച്ചുള്ള ഉത്തരവിൽ കുറ്റപ്പെടുത്തുന്നു. 

തിരുവനന്തപുരം: കെഎസ്ആ‍ർടിസിയിൽ വീണ്ടും ഡ്യൂട്ടി പരിഷ്ക്കരണം. ഓപ്പറേറ്റിംഗ് വിഭാഗത്തിൽപെട്ട സ്റ്റേഷൻമാസ്റ്റർ അടക്കമുള്ളവരെ ഓഫീസ് ജോലികളിൽ നിന്ന് മാറ്റി ഉത്തരവിറങ്ങി. ക്ലെറിക്കൽ ജോലികൾ ഇനി മുതൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ചെയ്യും.

ബസ് സ്റ്റേഷനുകളിലെ എഴുത്തുകുത്ത് ജോലികളും, അനൗൺസ്മെന്‍റെുമൊക്കെയായി ഓഫീസിനകത്ത് ഇരിക്കുന്ന ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് ഇനി പുറത്തിറങ്ങാം. സ്റ്റേഷൻ മാസ്റ്റർമാരടക്കമുള്ള ഓപ്പറേറ്റിംഗ് വിഭാഗത്തിലുള്ളവർ പുറത്തിറങ്ങാതെ ഓഫീസിനുള്ളിൽ ഒളിച്ചിരിക്കുന്നുവെന്നാണ് എംഡി ടോമിൻ തച്ചങ്കരി ഇത് സംബന്ധിച്ചുള്ള ഉത്തരവിൽ കുറ്റപ്പെടുത്തുന്നു. 

ഇനി മുതൽ ബസ്സുകളുടെ സമയക്ലിപ്തത, യാത്രക്കാരുടെ പ്രശ്നങ്ങൾ എന്നിവ പരിശോധിച്ചും പരിഹരിച്ചും ബസ് സ്റ്റേഷനുകളിൽ, ഓഫീസിന് പുറത്തുതന്നെ ഉണ്ടാകണമെന്നാണ് നിർദ്ദേശം. ഇതനുസരിച്ചുള്ള തസ്തികമാറ്റ ഉത്തരവുകൾ ഇറങ്ങി. 

ഓഫീസിനകത്തെ ജോലികൾ പൂർണ്ണമായും മിനിസ്റ്റീരിയൽ വിഭാഗത്തെ ഏൽപിച്ചു. ശക്തമായ എതിർപ്പുമായി യൂണിയനുകൾ രംഗത്ത് എത്തി. കെഎസ്ആ‍‍ർടിസി മാനുവലിന് വിരുദ്ധമാണ് പുതിയ ഉത്തരവെന്നാണ് സംഘടനകളുടെ നിലപാട്.