വടക്കന്‍ ജില്ലകളെയാണ് മഴ പ്രധാനമായും ബാധിച്ചിരിക്കുന്നത്. മിക്ക അണക്കെട്ടുകളും നിറഞ്ഞിരിക്കുന്നതിനാല്‍ ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പ് ഇറങ്ങി. കണ്ണൂരില്‍ അഞ്ചിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ആളപായം ഇല്ല.
വടക്കന്‍ കേരളത്തിലെ കനത്ത മഴ. നാല് അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. മലമ്പുഴ, പീച്ചി അണക്കെട്ടുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയിട്ടുമുണ്ട്. വിവിധ പുഴകള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കണ്ണൂര്‍ ജില്ലയില്‍ അഞ്ചിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി.
വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതോടെ ഇടുക്കിയടക്കമുളള കേരളത്തിലെ ഡാമുകളിൽ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. പരമാവധി സംഭരണ ശേഷിയിലേക്കാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് എത്തുന്നത്. ഇടമലയാർ, കക്കി അണക്കെട്ടുകൾ നാളെ രാവിലെ തുറക്കും.
2,397.18 അടിയാണ് ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതും നീരൊഴുക്ക് കുറയാത്തതുമാണ് കാരണം. ഒറ്റ ദിവസം കൊണ്ട് മുക്കാൽ അടിയോളം വെള്ളമാണ് ഉയർന്നത്. ജലനിരപ്പ് 2,398 അടിയിലെത്തിയാൽ അണക്കെട്ടിന്‍റെ ഷട്ടർ തുറന്ന് ട്രയൽ റൺ നടത്താനാണ് തീരുമാനം. ഒരു ഷട്ടർ 40 സെന്‍റിമീറ്റർ ഉയർത്തിയാകും നാല് മണിക്കൂർ നീളുന്ന ട്രയൽ റൺ. ഇതിന് 24 മണിക്കൂർ മുമ്പ് പ്രദേശവാസികൾക്ക് ജില്ലഭരണകൂടം മുന്നറിയിപ്പ് നൽകും.
2,403 അടിയാണ് ഡാമിന്‍റെ പരമാവധി സംഭരണ ശേഷി. ഇടമലയാർ, കക്കി അണക്കെട്ടുകളിലും ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുത്തു. ഇടമലയാറിൽ 168. 70 മീറ്റർ ആണ് നിലവിലെ ജലനിരപ്പ്. 169 -ൽ എത്തിയാൽ ഡാം തുറക്കും. നാളെ രാവിലെ ആറിന് ഷട്ടറുകൾ തുറക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പെരിയാറിൽ കുട്ടമ്പുഴ മുതൽ ആലുവവരെയുള്ള ഭാഗത്ത് ഒന്നര മീറ്റർ വരെ ജലനിരപ്പ് ഉയരുമെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ ഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്. കക്കി അണക്കെട്ട് നാളെ തുറക്കേണ്ടി വരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഷട്ടറുകൾ തുറക്കേണ്ടിവന്നാൽ പമ്പയാറില്‍ ഒന്നര മീറ്ററോളം ജലനിരപ്പ് ഉയരും. പ്രദേശത്ത് റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. അപകട സാധ്യത മുന്നില്‍ കണ്ട് കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. വയനാട് കളക്ടറേറ്റിലും മാനന്തവാടി, വൈത്തിരി, ബത്തേരി താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗര്‍, കക്കയം, പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. കോഴിക്കോട് ജില്ലയിലെ കക്കാടംപൊയില്‍, കൂമ്പാറ, കുളിരാമുട്ടി എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. ആനക്കല്ലുംപാറയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടെങ്കിലും പിന്നീട് പുനസ്ഥാപിച്ചു. ഇരുവഴിഞ്ഞിപുഴ, ചെറുപുഴ എന്നിവ കരകവിഞ്ഞൊഴുകുകയാണ്.
കണ്ണൂര്‍ ജില്ലയിലെ ആറളം വനം, മുടിക്കയം, വഞ്ചിയം, മാട്ടറ, പേരട്ട എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. ബാവലി, ചീങ്കണ്ണി, കാഞ്ഞിരപുഴകള്‍ കരകവിഞ്ഞ് ഒഴുകുന്നു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലമ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ 12 സെന്‍റീമീറ്റര്‍ ഉയര്‍ത്തി. കല്‍പ്പാത്തിപുഴയുടേയും ഭാരതപുഴയുടേയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മലപ്പുറം ജില്ലയില്‍ നിലമ്പൂരിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. നിലമ്പൂര്‍-ഗൂഡല്ലൂര്‍ റോഡില്‍ വെള്ളംകയറി. തൃശൂര്‍ പീച്ചി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഡാമിന്‍റെ ഷട്ടര്‍ ഒന്‍പത് ഇഞ്ച് കൂടി ഉയര്‍ത്തി. മണലിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
കുതിരാനില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തിന് സമീപം മണ്ണിടിച്ചിലുണ്ടായി. നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അതിരപ്പള്ളിയില്‍ വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് സഞ്ചാരികള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഈ ഭാഗത്തേക്കുള്ള വാഹന ഗതാഗതത്തിനും നിയന്ത്രണമുണ്ട്.
