പട്ടികയിലെ നാല്‍പ്പത്തിയെട്ടാമത്തെ ആളാണ് കലൈവതി. എന്നാല്‍ ഈ പേരിനൊപ്പമുള്ള മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും പുതുച്ചേരിയിലെ ടാക്സി ഡ്രൈവറായ ശങ്കറിന്‍റേതാണ്.
ചെന്നൈ: സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയതില്‍ സമര്‍പ്പിച്ച ശബരിമല കയറിയ യുവതികളുടെ പട്ടികയില്‍ വീണ്ടും പുരുഷന്‍. കലൈവതി എന്ന പേരില്‍ രേഖപ്പെടുത്തിയത് ടാക്സി ഡ്രൈവറായ ശങ്കറിന്‍റെ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറുമാണ്. എന്നാല്‍ താന്‍ ശബരിമലയില്‍ പോയിട്ടില്ലെന്നും ഇവരുടെ കുടുംബത്തില്‍ കലൈവതി എന്ന സ്ത്രീയില്ലെന്നും ശങ്കര്‍ പറഞ്ഞു.
പട്ടികയിലെ നാല്‍പ്പത്തിയെട്ടാമത്തെ ആളാണ് കലൈവതി. എന്നാല്‍ ഈ പേരിനൊപ്പമുള്ള മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും പുതുച്ചേരിയിലെ ടാക്സി ഡ്രൈവറായ ശങ്കറിന്‍റേതാണ്. കലൈവതി എന്നൊരാള്‍ തന്‍റെ കുടുംബത്തിലില്ലെന്ന് ശങ്കര്‍ പറഞ്ഞു. തന്‍റെ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറും വച്ച് കലൈവതി എന്നൊരു പേര് പട്ടികയില്‍ വന്നതെങ്ങനെയെന്നും ശങ്കറിന് അറിയില്ല.
എന്നാല്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പദ്മകുമാര്‍ പറഞ്ഞത്. ദേവസ്വം ബോര്‍ഡിന് എത്ര സ്ത്രീകള്‍ കയറിയെന്നറിയില്ല. പട്ടികയുടെ ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനില്ലെന്നും പദ്മകുമാര്‍ പറഞ്ഞിരുന്നു.
അതേസമയം ശബരിമലയില്‍ കയറിയെന്ന് അവകാശപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ യുവതികളുടെ പട്ടിക അബദ്ധമായതോടെ പൊലീസും നിയമവകുപ്പും പരസ്പരം പഴിചാരുകയാണ്. കോടതിയിൽ നേരിട്ട് നൽകാനല്ല ലിസ്റ്റ് കൊടുത്തതെന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍ ലിസ്റ്റിന്‍റെ ആധികാരികതയില്‍ സംശയം ഉണ്ടെന്ന് ആരും പറഞ്ഞില്ലെന്ന് നിയമവകുപ്പും പറയുന്നു. പട്ടികയിലെ പൊരുത്തക്കേടുകൾ പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിനോടും നിയമവകുപ്പിനോടും വിശദീകരണം തേടിയിരുന്നു.ഇതിന് പിന്നാലെയാണ് ഇരുവകുപ്പുകളും പരസ്പരം പഴി ചാരുന്നത്.
