കെ.ടി.അദീബ് സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജോലി രാജി വച്ചാണ് ഇവിടെ ജോലിക്കെത്തിയത്. ബന്ധുനിയമനവിവാദത്തിൽ മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞതെല്ലാം കളവെന്നും പി.കെ. ഫിറോസ് പറഞ്ഞു. 

കോഴിക്കോട്: സ്ഥിരജോലി വാഗ്ദാനം ചെയ്താണ് മന്ത്രി കെ.ടി. ജലീല്‍ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിയമിച്ചതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. കെ. ടി അദീബ് സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജോലി രാജി വച്ചാണ് ഇവിടെ ജോലിക്കെത്തിയത്. ബന്ധുനിയമന വിഷയത്തില്‍ മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞതെല്ലാം കളവെന്നും പി.കെ. ഫിറോസ് പറഞ്ഞു.

അദീബിന്‍റെ നിയമന രേഖകൾ പൂർണ്ണമായും മന്ത്രിയുടെ ഓഫീസിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനാൽ വിവരാവകാശ നിയമപ്രകാരം രേഖകൾ ലഭ്യമാകുന്നില്ല. രേഖകൾ നശിപ്പിക്കാനുള്ള ഇടപെടലുകൾ നടക്കുന്നതായി സംശയമുണ്ടെന്നും പി.കെ. ഫിറോസ് പറഞ്ഞു.

2016 ജൂലൈ 28നാണ് തന്‍റെ ലെറ്റര്‍ പാഡില്‍ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കുന്നത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുളള വിദ്യാഭ്യാസ യോഗ്യത ബിരുദവും, എംബിഎയുമെന്നുള്ളത് ബിരുദം,എംബിഎ ഒപ്പം ബിടെക്, പിജിടഡിബിഎ എന്നാക്കി മാറ്റി ഉത്തരവിറക്കാനായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. എന്നാല്‍ തസ്തിക സൃഷ്ടിക്കലിനും, വിദ്യാഭ്യാസ യോഗ്യത പുനര്‍ നിശ്ചയിക്കുന്നതിനും മന്ത്രിസഭ യോഗത്തിന്‍റെ അംഗീകാരം ആവശ്യമാണെന്നും ഇതിനായി മുഖ്യമന്ത്രിയുടെ അനുമതിക്കായി ഫയല്‍ കൈമാറണമെന്നും വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍ വിയോജന കുറിപ്പെഴുതി ഓഗസ്റ്റ്- 3ന് മന്ത്രിക്ക് കൈമാറിയിരുന്നു. അതേസമയം, അധിക യോഗ്യത നിശ്ചയിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി പിറ്റേന്ന് തന്നെ ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് 9ന് അംഗീകാരം നല്‍കി മുഖ്യമന്ത്രി ഫയലില്‍ ഒപ്പുവച്ചുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രി ഒപ്പിട്ട ഫയല്‍ ഓഗസ്റ്റ് 17-ന് വകുപ്പ് ഉത്തരവായി പുറത്തിറങ്ങുകയായിരുന്നു. 27 ന് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുള്ള പത്രകുറിപ്പ് പ്രസിദ്ധീകരിക്കുകയും മന്ത്രിബന്ധു കെ ടി അദീബ് ഉള്‍പ്പെടയുള്ളവര്‍ തസ്തികയിലേക്ക് അപേക്ഷിക്കുകയുമായിരുന്നു. മറ്റ് ഉദ്യോഗാര്‍ത്ഥികളെ തഴഞ്ഞ് നിയമിച്ച അദീബിന്‍റെ യോഗ്യത കൂടി ചോദ്യം ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് അദീബ് രാജി വച്ചത്.