പ്രത്യേകിച്ച് കാരണങ്ങളോ ആവശ്യങ്ങളോ ഒന്നുമില്ലെന്നും ശരണം വിളിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. തുടര്‍ന്ന് പൊലീസെത്തി ഇവിടെ കൂട്ടം കൂടാന്‍ അനുവദിക്കില്ലെന്നും പ്രത്യേക സുരക്ഷാ മേഖലയാണെന്നും അറിയിച്ചു

പമ്പ: സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് വീണ്ടും പ്രതിഷേധം. പത്ത് മണിയോടെയാണ് ഇരുപതോളം പേരുടെ സംഘം സന്നിധാനത്തെ വാവര് നടയ്ക്ക് മുന്നില്‍ നാമജപ പ്രതിഷേധവുമായെത്തിയത്. 10 മിനിട്ടോളം പ്രതിഷേധം തുടര്‍ന്നതോടെ എസ്പി പ്രതീഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമെത്തി ഇവരെ കൂട്ടിക്കൊണ്ടു പോയി.

പ്രത്യേകിച്ച് കാരണങ്ങളോ ആവശ്യങ്ങളോ ഒന്നുമില്ലെന്നും ശരണം വിളിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് പ്രതിഷേധക്കാര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസെത്തി ഇവിടെ കൂട്ടം കൂടാന്‍ അനുവദിക്കില്ലെന്നും പ്രത്യേക സുരക്ഷാ മേഖലയാണെന്നും അറിയിച്ചു. ഇവര്‍ക്ക് ശരണം വിളിക്കാനുള്ള സൗകര്യം ഒരുക്കി തരാമെന്ന് പറഞ്ഞതോടെ പ്രതിഷേധക്കാര്‍ പൊലീസിനൊപ്പം പോയി.

എന്നാല്‍, മാളിക പുറത്തേക്ക് കൊണ്ട് വന്നതോടെ അവിടെ വൃത്തിഹീനമായ സ്ഥലമാണെന്നും ഇവിടെ ശരണം വിളിക്കാന്‍ ആവില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. വാവര് നടയ്ക്ക് സമീപം ശരണം വിളിച്ചപ്പോള്‍ ഇവിടെ 144 ആണെന്ന് പൊലീസ് പറഞ്ഞു. പിന്നീട് അവസരം തരാം എന്ന് പറഞ്ഞ് മലിനമായ സ്ഥലത്ത് കൊണ്ട് വന്നെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

ഇതിന് ശേഷം മാളിക പുറത്തിന് സമീപം പ്രതിഷേധക്കാര്‍ ശരണം വിളിച്ച ശേഷം സംഘം പിരിഞ്ഞ് പോവുകയായിരുന്നു. പ്രതിഷേധം നടത്തിയ സംഘം തങ്ങള്‍ക്ക് നെയ്യഭിഷേകത്തിന് ടിക്കറ്റുണ്ടെന്നും വിരിവെയ്ക്കാനുള്ള സ്ഥലം നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടില്ല.

സന്നിധാനത്ത് നിന്ന് ശരണം വിളിക്കണമെന്നുള്ള അവകാശം വേണമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, പ്രത്യേക സുരക്ഷ മേഖലയില്‍ പ്രതിഷേധ നാമജപം നടത്താനാകില്ലെന്നും കൂട്ടം കൂടാനും അനുവദിക്കില്ലെന്നും പൊലീസ് അറിയിക്കുകയായിരുന്നു.