Asianet News MalayalamAsianet News Malayalam

കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ വീണ്ടും ഭീകരാക്രമണം; 4 സൈനികര്‍ക്ക് പരിക്ക്

again terror attack in pulwama district of kashmir
Author
First Published Jul 2, 2016, 1:37 AM IST

തെക്കൻ കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ക്യാന്പിനുനേരെ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു. ക്യാമ്പിനുനേരെ ഇവർ നിരവധി റൗണ്ട് നിറയൊഴിക്കുകയും ചെയ്തു. നാല് സിആർപിഎഫ് ജവാൻമാർക്ക് പരിക്കേറ്റു. സൈന്യം ഉടനടി തിരിച്ചടിച്ചെങ്കിലും ഭീകരർ രക്ഷപ്പെട്ടു. ഇവർക്കായി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. ശ്രീനഗറിൽ നിന്ന് നാൽപ്പത് കിലോമീറ്റർ അകലെയുള്ള ബൊനേറയിലെ സൈനിക ക്യാന്പിന് സമീപവും കരീമാബാദിലും ഭീകരരും സൈന്യവും തമ്മിൽ വെടിവയ്പ്പുണ്ടായതായി റിപ്പോർട്ടുണ്ട്. ഇവിടെ ആർക്കും പരിക്കില്ല. 

ഇന്നലെ രാവിലെ ബഡ്ഗാം ജില്ലയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു പൊലീസുകാരനും ഒരു സിവിലിയനും പരിക്കേറ്റിരുന്നു. കഴിഞ്ഞയാഴ്ച പാംപോർ നഗരത്തിൽ ഭീകരർ സൈനിക വാഹനവ്യൂഹത്തിന് നേരെ നടത്തിയ ആക്രമണത്തിൽ എട്ട് സൈനികർ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ജമ്മു കശ്മീരിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. ഭീകരാക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ ശ്രീനഗറിലെത്തി മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുമായും ഗവർണർ എൻഎൻ വോഹ്റയുമായും സുരക്ഷ സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios