ശബരിമലയില്‍ വീണ്ടും യുവതി പ്രവേശിച്ചതായി വെളിപ്പെടുത്തല്‍. ശബരിമലയിലെ യുവതീ പ്രവേശനത്തിനായി രൂപീകരിച്ച ഓണ്‍ലൈന്‍ കൂട്ടായ്മയായ 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് വെളിപ്പെടുത്തല്‍. 

സന്നിധാനം : ശബരിമലയില്‍ വീണ്ടും യുവതി പ്രവേശിച്ചതായി വെളിപ്പെടുത്തല്‍. ശബരിമലയിലെ യുവതീ പ്രവേശനത്തിനായി രൂപീകരിച്ച ഓണ്‍ലൈന്‍ കൂട്ടായ്മയായ 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് വെളിപ്പെടുത്തല്‍. 

ശബരിമലയില്‍ യുവതി പ്രവേശിക്കുന്ന ദൃശ്യങ്ങളും പേജില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. കൊല്ലം സ്വദേശി മഞ്ജു ഇന്നലെ പകൽ ശബരിമലയില്‍ പ്രവേശിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. മഞ്ജു സന്നിധാനത്ത് നില്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. പൊലീസ് സുരക്ഷയുണ്ടായിരുന്നില്ലെന്ന് മഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മഞ്ജു ഇതിനു മുന്‍പും ശബരിമല ദർശനം നടത്താൻ ആഗ്രഹം അറിയിച്ച് എത്തിയിരുന്നു. വലിയ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും നേരിടാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും പൊലീസ് മഞ്ജുവിനോട് വിശദീകരിച്ചതോടെ പിന്തിരിയുകയായിരുന്നു. പൊലീസിനെ അറിയിക്കാതെ രഹസ്യമായായിരുന്നു ഇന്നലത്തെ സന്ദര്‍ശനം. 

ഇന്നലെ കാലത്ത് 7.30 ന് ശ്രീകോവിലിനു മുന്നിലെത്തുകയും നെയ്യഭിഷേകം മുതൽ എല്ലാ ചടങ്ങുകളും അയ്യപ്പക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും നടത്തിയെന്നും ഓണ്‍ലൈന്‍ കൂട്ടായ്മ അവകാശപ്പെടുന്നു. രാവിലെ 10.30 ഓടെ മഞ്ജു തിരിച്ച് പമ്പയിലെത്തി മടങ്ങിയെന്നും 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' വിശദീകരിക്കുന്നു. കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവാണ് എസ്.പി മഞ്ജു.