ലാഹോര്‍: പാക്ക് നിയമമന്ത്രി രാജിവെച്ച സാഹചര്യത്തില്‍ പാക്കിസ്ഥാനില്‍ സർക്കാരിനെതിരെ തീവ്ര ഇസ്ലാമിക് സംഘടനകള്‍ നടത്തിയ പ്രക്ഷോഭം അവസാനിച്ചു. പ്രശ്നം പരിഹരിക്കാൻ സൈന്യം നടത്തിയ ഇടപെടലിനെ ഇസ്ലാമാബാദ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞയില്‍ ചൊല്ലുന്ന സത്യവാചകത്തില്‍ പ്രവാചകനോടുള്ള വിശ്വാസം ബോധ്യപ്പെടുത്തണമെന്ന ഭേദഗതിയിലാണ് പ്രതിഷേധം ആരംഭിച്ചത്.
പ്രക്ഷോഭക്കാർ ഇസ്ലാമാബാദ് റാവല്‍പിണ്ടി ദേശീയപാത ഉപരോധിച്ചതോടെ കോടതി പ്രശ്നത്തില്‍ ഇടപെട്ടു. തുടർന്ന് സൈന്യവും പ്രക്ഷോഭകാരികളും തമ്മില്‍ വലിയ കലാപമാണ് അരങ്ങേറിയത്. സംഘർഷത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 200 ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് പ്രക്ഷോഭകാരികളുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് നിയമമന്ത്രി സാഹിദ് ഹാമിദ് രാജി വെച്ചത്.
തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന സൈന്യത്തിന്‍റെ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് നിലപാട് മാറ്റുന്നതെന്ന് തഹ്രീക് ലബൈക്ക് യ റസൂല്‍ അള്ളാ പാകിസ്ഥാൻ ഗ്രൂപ്പ് നേതാവ് ഖാദിം ഹുസ്സൈൻ റിസ്വി പ്രസ്താവിച്ചു. എന്നാല്‍ സൈന്യത്തിനെതിരെ ഇസ്ലാമാബാദ് ഹൈക്കോടതി കടുത്തവിമർശനമുയർത്തി. ആഭ്യന്തരമന്ത്രി അഹ്സാൻ ഇഖ്ബാലിനെ വിളിച്ചുവരുത്തിയായിരുന്നു ജസ്റ്റിസ് ഷൗക്കത്ത് അസിസ് സിദ്ദീഖിയുടെ വിമർശനം.
പ്രതിഷേധക്കാർക്ക് മുൻപില്‍ സർക്കാർ കീഴടങ്ങിയെന്ന് കോടതി നിരീക്ഷിച്ചും എല്ലാ അസുഖങ്ങള്‍ക്കും ഉള്ള പരിഹാരം പട്ടാളമാണെന്ന് സർക്കാർ കരുതുന്നുവോ എന്നും കോടതി ചോദിച്ചു. ഈ വിമർശങ്ങള്‍ക്ക് പിന്നാലെ താൻ ഒന്നുകില്‍ കാണാതാകപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തേക്കാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
