ചെന്നൈ: ശബരിമലയിലെ യുവതീപ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് കാരണക്കാര്‍ വലതുപക്ഷമെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് കമല്‍ഹാസന്‍ കേരളത്തിലെ സമീപകാല സംഭവങ്ങളും ചര്‍ച്ച ചെയ്തത്. 

'കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് എണ്ണ പകരുന്നത് വലതുപക്ഷമാണ്'- കമല്‍ പറഞ്ഞു. 

സഖ്യകക്ഷിയാകാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണത്തോടുള്ള മറുപടിയും താരം വ്യക്തമാക്കി. അദ്ദേഹം തന്റെ നിലപാടാണ് അറിയിച്ചതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ആലോചിച്ച് ഒരു തീരുമാനത്തില്‍ എത്തേണ്ടതുണ്ടെന്നും കമല്‍ അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് മക്കള്‍ നീതി മയ്യം കൈക്കൊള്ളുന്ന തീരുമാനം മറ്റൊരു യോഗത്തിലൂടെ അറിയിക്കുമെന്നും കമല്‍ഹാസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ പാര്‍ട്ടിക്കൊപ്പം സഖ്യകക്ഷികളാകാന്‍ തമിഴ് താരങ്ങളായ കമല്‍ഹാസനെയും രജനീകാന്തിനെയും മോദി ക്ഷണിച്ചിരുന്നു. ഇരുവരും രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങിയ പശ്ചാത്തലത്തിലായിരുന്നു ക്ഷണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളില്‍ മക്കള്‍ നീതി മയ്യം മത്സരിക്കുമെന്ന് കമല്‍ഹാസന്‍ നേരത്തേ അറിയിച്ചിരുന്നു.