അപ്പര്‍കുട്ടനാട്ടിൽ കൊയ്ത്തു പാട്ടുണർന്നു,  കർഷകർ ഉത്സവ ലഹരിയിൽ

ആലപ്പുഴ: അപ്പര്‍കുട്ടനാട്ടിലെ വീയപുരം കൃഷിഭവന്‍ പരിധിയിലെ കട്ടക്കുഴി തേവേരി പാടശേഖരത്തിൽ പുഞ്ചകൃഷി വിളവെടുപ്പ് ആരംഭിച്ചു. 175 ഏക്കര്‍ വിസ്തൃതിയുള്ള പാടശേഖരത്തില്‍ നാല് കൊയ്ത്തുമെതിയന്ത്രങ്ങള്‍ ഉപയോഗിച്ച് ഏക്കറിന് 1550 രൂപാ ക്രമത്തിലാണ് വിളവെടുപ്പ് പുരോഗമിക്കുന്നത്.

അപ്പര്‍കുട്ടനാട്ടിലെ ഈ സീസണിലെ ആദ്യ വിളവെടുപ്പായതിനാല്‍ ഒരു ഉത്സവ പ്രതീതിയിലാണ് കര്‍ഷകര്‍. മുന്‍ കാലങ്ങളെ അപേക്ഷിച്ച് വളരെ നേരത്തെയാണ് ഇക്കുറി വിളവെടുപ്പ്. പാടശേഖരത്തിന്റെ ഒരുവശം പമ്പയാറും മറുവശം അച്ചന്‍കോവിലാറുമായതിനാല്‍ വിളവെടുപ്പ് സീസണില്‍ പ്രകൃതി വരുത്തിയ ദുരനുഭവങ്ങളാണ് കൃഷിയിറക്കും വിളവെടുപ്പും നേരത്തേയാക്കാന്‍ കാരണമെന്ന് പാടശേഖര സമിതി ഭാരവാഹികള്‍ പറഞ്ഞു.

കഴിഞ്ഞ 20ന് വിളവെടുക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും യന്ത്രങ്ങളുടെ ലഭ്യതയും ഒപ്പം വാടകയിലും തീരുമാനമായിരുന്നില്ല. കഴിഞ്ഞ സീസണിലെ രണ്ടാം കൃഷിയിറക്കിയ പാടശേഖരങ്ങളില്‍ ഒന്നായിരുന്നു ഈ പാടശേഖരം. കൃഷി വിളവെടുപ്പിനോട് അടുക്കവെ പാടശേഖരത്തിന്റെ ഇടബണ്ട് തകര്‍ന്ന് പൂര്‍ണ്ണമായും നശിക്കുകയും ചെയ്തിരുന്നു. 

കൃഷിനാശം സംഭവിച്ച പാടശേഖരം എന്ന നിലയില്‍ കൃഷി വകുപ്പു മന്ത്രി വി എസ് സുനില്‍കുമാര്‍ കൃഷി ഉന്നത ഉദ്യോഗസ്ഥരുമായി പാടശേഖരത്തില്‍ സന്ദര്‍ശനം നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. നദികളിലും ജലസ്രോതസ്സുകളിലും ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് രൂക്ഷമായ ജലക്ഷാമമാണ് കര്‍ഷകര്‍ അനുഭവിച്ചത് . ഒരാഴ്ചക്കുള്ളില്‍ വിളവെടുപ്പ് പൂര്‍ത്തീകരിക്കാമെന്ന പ്രതീക്ഷയിലാണ് സമിതിയും കര്‍ഷകരും