കുട്ടി ട്രെയിനില്‍ കയറി അര മണിക്കൂറിനകം അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും കൊലപാതകം സംഭവിച്ച് കഴിഞ്ഞിരുന്നു

ഗുവാഹത്തി: ട്രെയിനിലെ ടോയ്‍ലറ്റിനുള്ളില്‍ ചോരയില്‍ കുളിച്ച നിലയില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. അസം അഗ്രി കള്‍ച്ചര്‍ സര്‍വകലാശാലയിലെ നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് ശിവസാഗര്‍ ജില്ലയിലെ സിമാലുഗുരി റെയില്‍വെ സ്റ്റേഷനില്‍ വെച്ച് കണ്ടെത്തിയത്.

കുട്ടി ട്രെയിനില്‍ കയറി അര മണിക്കൂറിനകം അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും കൊലപാതകം സംഭവിച്ച് കഴിഞ്ഞിരുന്നു. രാവിലെ 7.50ന് ശിവസാഗര്‍ ഠൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പെണ്‍കുട്ടി ദിബ്രുഗര്‍-റാംഗിയ എക്സ്പ്രസില്‍ കയറിയത്. 8.20ന് ട്രെയിന്‍ സിമാലുഗുരിയിലെത്തിയപ്പോഴാണ് ടോയ്‍ലറ്റിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ജൂലൈ ഏഴിന് സര്‍വകലാശാലയിലെ പരീക്ഷകള്‍ അവസാനിച്ചതിനാല്‍ അവധിക്കാലത്ത് അമ്മൂമ്മയുടെ വീട്ടിലേക്ക് പോകാനാണ് പെണ്‍കുട്ടി ട്രെയിനില്‍ കയറിയത്. ശിവസാഗര്‍ ഠൗണ്‍ സ്റ്റേഷനില്‍ വെച്ച് അമ്മയാണ് കുട്ടിയ ട്രെയിനില്‍ കയറ്റിവിട്ടത്.

ശരീരത്തില്‍ പലയിടത്തും മുറിവേറ്റ പാടുകളുണ്ട്. മുഖത്തും തലയിലും ആഴത്തില്‍ മുറിവുകളുണ്ട്. തുണി കൊണ്ട് കഴുത്തില്‍ മുറുക്കിയിരുന്നു. മകള്‍ ട്രെയിനില്‍ കയറുമ്പോള്‍ ഒരാള്‍ മാത്രമേ ആ കോച്ചില്‍ ഉണ്ടായിരുന്നുള്ളൂവെന്നും ഇയാള്‍ പാന്റ്സും ഷര്‍ട്ടുമാണ് ധരിച്ചിരുന്നതെന്നും അമ്മ പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ കൈവശമുള്ള പണം തട്ടിയെടുക്കാനായി കൊലപതകം നടത്തിയതാണോയെന്ന സംശയമാണ് പൊലീസിനുള്ളത്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നശേഷമേ അക്കാര്യം ഉറപ്പിക്കാനാവൂ എന്നും പൊലീസ് പറഞ്ഞു.