അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അന്വേഷണം ബോഫോഴ്‌സ് പോലെ അവസാനിക്കില്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അഴിമതിയിലെ പങ്കു തെളിഞ്ഞാല്‍ ഒരു ഉന്നത കുടുംബത്തെയും വെറുതെവിടില്ലെന്ന് വ്യക്തമാക്കി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ രംഗത്ത് എത്തിയത്. കോഴ വാങ്ങിയവരെ കണ്ടെത്തുക ചെയ്യുമെന്നും പരീക്കര്‍ ആവര്‍ത്തിച്ചു. 

ലോക്‌സഭയില്‍ റോബര്‍ട്ട് വാധ്രയുടെ ഇടപാടുകള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നോട്ടീസ് നല്കി. രാജസ്ഥാനിലെ ബിക്കാനീറില്‍ ചില കമ്പനികള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയിരുന്നു. ഇവയ്ക്ക് റോബര്‍ട്ട് വാധ്രയുമായി ബന്ധമുണ്ടെന്നാണ് ബിജെപി ആരോപണം.

ഇതിനിടെ സോണിയ ഗാന്ധിയെ അറസ്റ്റു ചെയ്യാന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചു. നരേന്ദ്രമോദിയുടെ ചില രഹസ്യങ്ങള്‍ ഗാന്ധികുടുംബത്തിന് അറിയാമെന്ന് കെജ്രിവാള്‍ ആരോപിച്ചു. 

അതിനാല്‍ നെഹ്‌റു കുടുംബത്തിലെ ആരെയും തൊടാന്‍ മോദിക്കാവില്ലെന്നും കെജ്രിവാള്‍ ആരോപിച്ചു. ഉത്തരാഖണ്ട് വിഷയം നാളെ ഇരുസഭകളിലും കോണ്‍ഗ്രസ് ഉന്നയിക്കാനിരിക്കെയാണ് റോബര്‍ട്ട് വാധ്രയുടെ ഇടപാടുകള്‍ ആയുധമാക്കി പ്രതിരോധത്തിന് ബിജെപി തയ്യാറെടുക്കുന്നത്.