ദില്ലി: അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി അന്വേഷിക്കുന്ന സിബിഐയും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും മുന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എസ്‌പി ത്യാഗിക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കി. തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സിബിഐ നോട്ടീസ് നല്‍കിയിരിക്കുന്നത്. അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിയില്‍ ഇറ്റാലിയന്‍ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അന്വേഷണ ഏജന്‍സികള്‍ നടപടികള്‍ വേഗത്തിലാക്കിയത്.
കോഴ രാഷ്‌ട്രീയക്കാരിലേക്കെത്തിയെന്നതിന് തെളിവുകള്‍ കിട്ടിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്ന സൂചന പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ നല്‍കി.ഇടപാടിനെക്കുറിച്ച് സിബിഐ അന്വേഷണം തുടങ്ങാന്‍ വൈകിയതിന് മുന്‍പ്രതിരോധമന്ത്രി എകെ ആന്‍റണി വിശദീകരണം നല്‍കേണ്ടി വരുമെന്ന് ബിജെപി വ്യക്തമാക്കി. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ബുധനാഴ്ച ഇതുസംബന്ധിച്ച് ലോക്‌സഭയില്‍ പ്രസ്താവന നടത്തും.
മുന്‍പ്രതിരോധമന്ത്രി എ കെ ആന്‍റണി സിബിഐ അന്വേഷണം മനപൂര്‍വ്വം വൈകിപ്പിച്ചു 2012 മുതല്‍ ആന്റണിക്ക് ക്രമക്കേടുകള്‍ അറിയാമായിരുന്നു തുടങ്ങിയ ആരോപണങ്ങള്‍ പാര്‍ലമെന്റിലെ പ്രസ്താവനയില്‍ മനോഹര്‍ പരീക്കര്‍ ഉന്നയിച്ചേക്കും. എന്തുതന്നെയായാലും രണ്ടു വര്‍ഷമായി എന്‍ഡിഎ സര്‍ക്കാര്‍ എന്തുകൊണ്ട് ഒന്നും കണ്ടുപിടിച്ചില്ല എന്ന മറുവാദമാണ് എ കെ ആന്‍റണിയുടേത്.
ഹെലികോപ്റ്റര്‍ ഇടപാടില്‍ തെളിവുനല്‍കിയാല്‍ കടല്‍ക്കൊല കേസിലെ പ്രതികളെ വിട്ടയയ്‌ക്കാമെന്ന് ഇറ്റലിയുമായി നരേന്ദ്ര മോദി രഹസ്യധാരണ ഉണ്ടാക്കിയെന്ന ആരോപണം പച്ചക്കള്ളമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. എയര്‍ ചീഫ് മാര്‍ഷല്‍ എസ്‌പി ത്യാഗിക്ക് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര എന്നിവരുമായി അടുത്ത ബന്ധമാണെന്ന ആരോപണവും കേന്ദ്രം തള്ളി.
