അഗസ്റ്റാവെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ ബുധനാഴ്ച ലോക്‌സഭയില്‍ ബിജെപി എംപിമാര്‍ നല്കിയിരിക്കുന്ന ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുമ്പോള്‍ ഇടപാടിനെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുമെന്ന് വ്യക്തമാക്കിയാണ് മനോഹര്‍ പരീക്കര്‍ ഇന്ന് രംഗത്ത് വന്നത്. 

എല്ലാ രേഖകളും പാര്‍ലമെന്‍റില്‍ വയ്ക്കുമെന്നും പ്രതിരോധ മന്ത്രി പറഞ്!ഞു. യുപിഎ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന രേഖകള്‍ കൈയ്യിലുണ്ടെന്ന് അവകാശപ്പെടുന്ന പരീക്കര്‍ മുന്‍പ്രതിരോധമന്ത്രി എകെ ആന്റണിക്കെതിരെയും വിമര്‍ശനം ഉന്നയിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേ സമയം സോണിയാഗാന്ധിയെ വിമര്‍ശിച്ച് സുബ്രമണ്യന്‍ സ്വാമി വീണ്ടും രംഗത്തു വന്നു. അറസ്റ്റ് ഒഴിവാക്കണമെങ്കില്‍ സോണിയാഗാന്ധി സത്യം പറയണമെന്ന് സുബ്രമണ്യന്‍ സ്വാമി ആവശ്യപ്പെട്ടു. 

തെളിവുണ്ടെങ്കില്‍ നടപടിയെടുക്കണമെന്ന വാദം കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. ഇടപാട് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് പണം ഒഴുകിയ വഴികളെക്കുറിച്ച് വിവരം കിട്ടി എന്നാണ് സൂചന. ദുബായ് കേന്ദ്രമായുള്ള വ്യാജകമ്പനികള്‍ വഴിയാണ് കോഴപ്പണം ഇടനിലക്കാര്‍ ഇന്ത്യയില്‍ എത്തിച്ചത്. ഇടപാടുമായി ബന്ധപ്പെട്ട് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എസ്പി ത്യാഗിയെ നാളെ സിബിഐ ചോദ്യം ചെയ്യും.