അഹമ്മദാബാദ്: ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ്ഷാ നല്കിയ ക്രിമിനല്‍ മാനനഷ്ടക്കേസ് പരിഗണിക്കുന്നത് അഹമ്മദാബാദ് ചീഫ് മെട്രോപോളിറ്റന്‍ കോടതി മാറ്റി വച്ചു. ജയ്ഷായുടെ അഭിഭാഷകന്‍ ഹാജരാകാത്തത് കൊണ്ടാണ് കേസ് മാറ്റിയത്. ഇതിനിടെ ജയ്ഷായുടെ കമ്പനിക്കെതിരായ ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടു

ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ്ഷായുടെ കമ്പനിയുടെ വിറ്റുവരവ് ഒറ്റവര്‍ഷത്തില്‍ 50,000 രൂപയില്‍ നിന്ന് 80 കോടിയായി ഉയര്‍ന്നു എന്ന വാര്‍ത്ത നല്കിയ ന്യൂസ് പോര്‍ട്ടലിനും ആറു മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരായ ക്രിമിനല്‍ മാനനഷ്ടക്കേസാണ് അഹമ്മദാബാദ് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാകും എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും മുതിര്‍ന്ന അഭിഭാഷകന്‍ എസ് വി രാജുവിനെയാണ് ഇന്ന് നിയോഗിച്ചത്. 

എന്നാല്‍ കേസ് പരിഗണിച്ച സമയത്ത് എസ് വി രാജുവും എത്തിയില്ല. കേസ് മാറ്റണമെന്ന് ജൂനിയര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതംഗീകരിച്ച കോടതി കേസ് ഈ മാസം 16ലേക്ക് മാറ്റി. സാങ്കേതിക കാരണം കൊണ്ട് ഹാജരാകാന്‍ ആയില്ല എന്നാണ് അഭിഭാഷകന്റെ വിശദീകരണം. ക്രിമിനല്‍ കേസ് നിലനില്ക്കുമോ എന്ന് പരിശോധിച്ച ശേഷം എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്‌ക്കേണ്ടതുണ്ടോ എന്ന് കോടതി തീരുമാനിക്കേണ്ടതുണ്ട്. 

ക്രിമിനല്‍ കേസ് നല്കിയെങ്കിലും 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സിവില്‍ കേസ് ഇതു വരെ ജയ്ഷാ നല്കിയിട്ടില്ല. ഇതിനിടെ ആരോപണത്തില്‍ കേന്ദ്രം ഉടന്‍ അന്വേഷണത്തിന് ഉത്തവിടണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ ഒരഭിമുഖത്തില്‍ ആവശ്യപ്പെട്ടു. ഇത് പാര്‍ട്ടിക്ക് ധാര്‍മ്മിക തിരിച്ചടിയാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഒരു സ്വകാര്യ വ്യക്തി നല്കിയ കേസില്‍ ഹാജരാകുന്നത് ഉചിതമല്ലെന്നും സിന്‍ഹ പറഞ്ഞു. 

പ്രധാനമന്ത്രിയും ഇതില്‍ പങ്കാളിയാണോ എന്ന് ചോദിച്ച് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്തു വന്നു. എന്തായാലും രണ്ടു ദിവസത്തെ മൗനത്തിനു ശേഷം അദ്വാനി ക്യാംപും അമിത്ഷായ്‌ക്കെതിരെ രംഗത്തു വന്നത് ബിജെപി നേതൃത്വത്തിന് തിരിച്ചടിയായി