പ്രചരണം അസഹനീയമായതോടെ ക്ലബ് അധികൃതര്‍ തന്നെ പ്രതികരണവുമായി രംഗത്തെത്തി

പാലക്കാട്: ആദ്യ കളിയില്‍ അര്‍ജന്‍റീനയെ സമനിലയില്‍ തളച്ച ഐസ് ലാന്‍ഡിനെ ഇരട്ട ഗോളുമായി തകര്‍ത്ത നൈജീരിയന്‍ താരം മൂസയാണ് ഇപ്പോള്‍ താരം. ക്രൊയേഷ്യക്ക് മുന്നില്‍ തോറ്റടുങ്ങിയ മെസിപ്പടയ്ക്ക് ജീവന്‍ നല്‍കിയത് മൂസയായിരുന്നു. അതിനിടയിലാണ് അഹമ്മദ് മൂസ കേരളത്തിലെ പ്രമുഖ ക്ലബുകളിലൊന്നായ അല്‍ മദീന ചെറുപ്പുളശ്ശേരിക്ക് വേണ്ടി കളിച്ചിട്ടുണ്ടെന്ന പ്രചാരണം ശക്തമായത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരണം പൊടി പൊടിച്ചു. കേട്ട പാതി കേള്‍ക്കാത്ത പാതി ഏവരും ഷെയറുകളുമായി കളം നിറഞ്ഞു. അങ്ങനെ സോഷ്യല്‍ മീഡിയയില്‍ മൂസ കേരളത്തിന്‍റെ സ്വന്തം താരമായി മാറി. പ്രചരണം അസഹനീയമായതോടെ അല്‍ മദീന ചെറുപ്പുളശ്ശേരി ക്ലബ് അധികൃതര്‍ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

പ്രചരിക്കുന്ന വാര്‍ത്തകള്‍ അവാസ്തവമാണെന്നും അല്‍ മദീന ചെറുപ്പുളശ്ശേരിയ്ക്കായി ഒരു സീസണിലും മൂസ കളിച്ചിട്ടില്ലെന്നും ക്ലബ് വ്യക്തമാക്കി. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ ക്ലബിന് യാതൊരു പങ്കുമില്ലെന്നും മാനേജുമെന്റ് അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ക്ലബിന്‍റെ പ്രതികരണം.

കുറിപ്പ് പൂര്‍ണരൂപത്തില്‍

പ്രിയമുള്ള ഫുട്ബോൾ പ്രേമികളെ,,,,
ഒന്ന് ,രണ്ട് ദിവസമായി സോഷ്യൽ മീഡിയ വഴി നൈജീരിയൻ താരം മൂസയുമായി ബന്ധപ്പെട്ട് ഒരു ഫൈക് ന്യൂസ് പലരും പല ഗ്രൂപ്പുകളിലുമായി പ്രചരിപ്പിക്കുന്നുണ്ട്, ഇദ്ദേഹം അൽ മദീന ചെർപ്പുളശ്ശേരി ടീമിൽ ഒരു സീസണിലും കളിച്ചിട്ടില്ല.. ഈ വാർത്തയുമായി ബന്ധപ്പെട്ട് അൽ മദീന ടീമിനും ,ടിം മാനേജ്മെന്റിനും യാതൊരു പങ്കുമില്ല എന്നും കൂടി എല്ലാ വരേയും അറിയിക്കുന്നു....
ഇത് പോലുള്ള ഫൈക്ക് ന്യൂസുകൾ പരമാവതി എല്ലാ വരുo ഒഴിവാക്കുക,,,,,,,,
എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു