ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തണമെന്ന കേന്ദ്രസർക്കാർ നിര്‍ദ്ദേശം

ദില്ലി:ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തണമെന്ന കേന്ദ്രസർക്കാർ നിര്‍ദ്ദേശത്തിന് മറുപടിയുമായി കോണ്‍ഗ്രസും അണ്ണാ ഡിഎംകെയും. 2024ല്‍ ആലോചിച്ചാല്‍ പരിഗണിക്കാമെന്നും ഇപ്പോള്‍ അനുകൂലിക്കുന്നില്ലെന്നുമാണ് നിയമകമ്മീഷനോട് അണ്ണാ ഡിഎംകെ പറഞ്ഞത്. മറ്റുപ്രതിപക്ഷ പാര്‍ട്ടികളുമായി ആലോചിച്ച ശേഷം സംയുക്ത തീരുമാനം എടുക്കുമെന്നാണ് നിയമകമ്മീഷനെ കോണ്‍ഗ്രസ് അറിയിച്ചത്.

വിഷയം ചര്‍ച്ച ചെയ്യാനായി നിയമകമ്മീഷന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഭൂരിപക്ഷം പാര്‍ട്ടികളും നിര്‍ദ്ദേശത്തെ എതിര്‍ക്കുകയായിരുന്നു. ചര്‍ച്ച തന്നെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി സിപിഎം ഉള്‍പ്പെടെയുള്ള ചില കക്ഷികള്‍ കൂടിക്കാഴ്ച ബഹിഷ്ക്കരിച്ചിരുന്നു. നരേന്ദ്ര മോദിയുടെ മാത്രം അജണ്ടയാണിതെന്നാണ് തൃണമൂല്‍ നേതാക്കള്‍ കമ്മീഷനോട് പറഞ്ഞത്.ബിജു ജനതാദളിന്‍റെ പിന്തുണയും ബിജെപിക്കുണ്ടെങ്കിലും രാജ്യസഭയിൽ ഭരണഘടനാ ഭേദഗതി പാസാക്കാന്‍ ഇത് മതിയാവില്ല.