ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ത്രികോണപോരാട്ടത്തിന് കളമൊരുങ്ങി. അണ്ണാ ഡിഎംകെയില്‍ നിന്ന് ഇ മധുസൂദനനും, വിമതനായി ടിടിവി ദിനകരനും ഡിഎംകെ സ്ഥാനാര്‍ഥി മരുതു ഗണേഷും ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. പന്ത്രണ്ട് മണിയോടെ തൊണ്ടയാര്‍പേട്ടിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെത്തി മരുതു ഗണേഷ് പത്രിക നല്‍കും.
പന്ത്രണ്ടരയോടെ അണ്ണാ ഡിഎംകെയ്‌ക്കെതിരെ വിമതനായി മത്സരിക്കുന്ന ടിടിവി ദിനകരനും പത്രിക നല്‍കും. അമ്മ പാര്‍ട്ടിയെന്ന പേരില്‍ തൊപ്പി ചിഹ്നത്തിലാകും ദിനകരന്‍ പത്രിക നല്‍കുക എന്നാണ് സൂചന. പിന്നാലെ ഒരു മണിയോടെ ഇ മധുസൂദനനും പത്രിക നല്‍കാനെത്തും. തെരഞ്ഞെടുപ്പില്‍ രണ്ടിലച്ചിഹ്നവും പാര്‍ട്ടിയുടെ പേരും പതാകയും ഉപയോഗിയ്ക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇപിഎസ്-ഒപിഎസ് പക്ഷം.
എന്നാല്‍ പാര്‍ട്ടിയിലെ ഉള്‍പ്പോര് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാതിരിയ്ക്കാന്‍ ഔദ്യോഗിക പക്ഷത്തിന് കഷ്ടപ്പെടേണ്ടി വരും. അണ്ണാ ഡിഎംകെയുടെ വോട്ടുബാങ്കിലെ പിളര്‍പ്പ് മുതലെടുക്കാനാണ് ഡിഎംകെ ശ്രമിക്കുന്നത്. ഭരണവിരുദ്ധവികാരവും അഴിമതിയും ഡിഎംകെ മുഖ്യപ്രചാരണവിഷയങ്ങളാക്കുമെന്നുറപ്പ്. ആര്‍കെ നഗറില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയ ബിജെപി, പക്ഷേ സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
