ചെന്നെ: രണ്ടില ചിഹ്നം ലഭിച്ചതോടെ തമിഴകത്തെ എഡിഎംകെയില്‍ വീണ്ടും ചേരിപ്പോര് ഉടലെടുക്കുന്നതായി റിപ്പോര്‍ട്ട്. രണ്ടില ചിഹ്നം ലഭിച്ചതിന്‍റെ ആഘോഷത്തില്‍ ഒ പനീര്‍ശെല്‍വത്തെ എടപ്പാടി പഴനിസ്വാമി വിഭാഗം ക്ഷണിച്ചില്ലെന്ന് പറഞ്ഞാണ് പുതിയ പ്രശ്നത്തിന്‍റെ തുടക്കം.
രണ്ടിലച്ചിഹ്നം നേടി, വൻ വിജയാഘോഷം. വീണ്ടും പാർട്ടിയുടെ കൊടി ഉയർത്തുന്ന ആഘോഷപരിപാടിയെക്കുറിച്ച് ആർക്കുമറിവില്ല, ആരെയും ക്ഷണിച്ചിട്ടുമില്ല. അണ്ണാ ഡിഎംകെയിൽ ഒപിഎസ് പക്ഷത്തെ ഐ ടി വിഭാഗം സെക്രട്ടറിയായിരുന്ന കെ സ്വാമിനാഥന്‍റെ ഫേസ്ബുക്ക് പോസ്റ്റാണിത്. രണ്ട് നിമിഷത്തിനുള്ളിൽ പോസ്റ്റ് പിൻവലിച്ചെങ്കിലും എടപ്പാടിയ്ക്കും ഒപിഎസ്സിനുമിടയിൽ നിലനിൽക്കുന്ന ശീതയുദ്ധം വീണ്ടും മറനീക്കി പുറത്തുവരുന്നതിന്‍റെ സൂചനയാണ് ഈ പ്രതികരണങ്ങൾ.
പാർട്ടി മാത്രമല്ല, നേതാക്കളുടെ മനസ്സ് കൂടി ഒന്നാകണമെന്ന് കഴിഞ്ഞയാഴ്ച ഒപിഎസ് പക്ഷത്തെ രാജ്യസഭാ എംപി കൂടിയായ മൈത്രേയൻ പറഞ്ഞതിന് പിന്നാലെയാണ് പുതിയ വിവാദം. വിജയറാലിയിൽ ഇന്ന് രാവിലെ മാത്രം ക്ഷണം കിട്ടിയ ഒപിഎസ്സ് മധുരയിലുണ്ടായിട്ടും പങ്കെടുത്തില്ല.
മുഖ്യമന്ത്രിയ്ക്ക് പുറമേ മന്ത്രിമാരായ ഡിണ്ടിഗൽ ശ്രീനിവാസൻ, കടമ്പൂർ രാജു എംഎൽഎ എ കെ ബോസ് എന്നിവർ മാത്രമാണ് പരിപാടിയിലുണ്ടായിരുന്നത്. അതേസമയം, ഏപ്രിലിൽ ടിടിവി ദിനകരനെതിരെ മത്സരിച്ച മരുതു ഗണേഷ് തന്നെ വീണ്ടും സ്ഥാനാർഥിയാകും.
