അബ്ദുൾ റഫീഖിന് പകരം  ഹരിശങ്കറിനെയാണ് കോട്ടയം എസ്.പിയായി നിയമിച്ചിരിക്കുന്നത്. ഹരിശങ്കറിനോട് ഇന്നു തന്നെ കോട്ടയത്ത് എത്തി ചുമതലയേറ്റെടുക്കാൻ ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ദിവസം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ കെവിൻ വധത്തിൽ അതിവേ​ഗം നടപടി സ്വീകരിച്ച് അഭ്യന്തരവകുപ്പ്. കെവിന്റെ ഭാര്യയുടെ പരാതിയിൽ നടപടി വൈകിപ്പിച്ച കോട്ടയം ​ഗാന്ധി ന​ഗർ സ്റ്റേഷനിലെ എസ്.ഐ ഷിബുവിനേയും, എ.എസ്.ഐ സണ്ണിയേയും സസ്പെൻഡ് ചെയ്തതിന് പിന്നാലെ കോട്ടയം എസ്പി അബ്ദുൾ റഫീഖിനെ സ്ഥലം മാറ്റി. 

അബ്ദുൾ റഫീഖിന് പകരം ഹരിശങ്കറിനെയാണ് കോട്ടയം എസ്.പിയായി നിയമിച്ചിരിക്കുന്നത്. ഹരിശങ്കറിനോട് ഇന്നു തന്നെ കോട്ടയത്ത് എത്തി ചുമതലയേറ്റെടുക്കാൻ ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുള്ള ഹരിശങ്കർ ഉടനെ തന്നെ കോട്ടയത്തേക്ക് തിരിക്കും. കോട്ടയത്ത് കെവിൻ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം എസ്.പിയെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി എന്നാണ് സ്ഥലംമാറ്റത്തെക്കുറിച്ചുള്ള ഔദ്യോ​ഗിക വിശദീകരണം. 

ശനിയാഴ്ച പുലർച്ചെ തട്ടിക്കൊണ്ടുപോയ കെവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നീനു ഉൾപ്പെടെയുള്ളവർ പല തവണ പരാതി നൽകിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ലെന്നാണ് ആരോപണം. മുഖ്യമന്ത്രി ജില്ലയിലുള്ളവതിനാൽ സുരക്ഷ ചുമതലയുള്ളതിനാൽ മറ്റ് കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചെന്നാണ് നീനുവും കെവിന്റെ ബന്ധുക്കളും പറഞ്ഞത്.