തിരുവനന്തപുരം: എയര്‍ആംബുലന്‍സ് പദ്ധതി സര്‍ക്കാര്‍ഉപേക്ഷിക്കുന്നു. വന്‍സാമ്പത്തിക ബാധ്യത സര്‍ക്കാരിനുണ്ടാക്കുമെന്ന് കണ്ടെത്തിയാണ് യുഡിഎഫ് സര്‍ക്കാര്‍തുടങ്ങിയ പദ്ധതിക്ക് ധനവകുപ്പ് അനുമതി നിഷേധിച്ചത്. എന്നാല്‍ ആവശ്യമെങ്കില്‍ പുനരാലോചന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ പ്രതികരിച്ചു. അവയവദാനത്തിന് സജ്ജമാകുന്നവരുടെ എണ്ണം കൂടുകയും ഹൃദയമടക്കം അവയവങ്ങള്‍ മറ്റ് ജില്ലകളിലേക്ക് എത്തിക്കേണ്ട സാഹചര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും ചെയ്തതോടെയാണ് അവയവദാനം പ്രോല്‍സാഹിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ എയര്‍ആംബുലന്‍സ് പദ്ധതിയുമായി രംഗത്തെത്തിയത്.
സ്വകാര്യ എയര്‍ലൈനുകള്‍ മണിക്കൂറിന് ഒരു ലക്ഷവും രണ്ട് ലക്ഷവും നിരക്കിട്ടതോടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എയര്‍ക്രാഫ്റ്റ് ഉപയോഗിക്കാന്‍ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷനുമായി ചര്‍ച്ച നടത്തി. മൃതസഞ്ജീവനിയുടെ ഭാഗമായ കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്ങും രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷനും ധാരണാ പത്രം ഒപ്പിട്ടു . രാജീവ്ഗാന്ധി ഏവിയേഷന്‍ സെന്‍ററിന്റെ ഇരട്ട എന്‍ജിനുള്ള ഒരു എയര്‍ക്രാഫ്റ്റ് ഇതിനായി ഒരുക്കി. ഉദ്ഘാടനവും നടത്തി.
എന്നാല്‍ ഈ എയര്‍ക്രാഫ്റ്റിന് രണ്ടുവര്‍ഷമായി പൈലറ്റില്ലാത്തതിനാല്‍ പറക്കനിലുള്ള അനുമതിക്കായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ സമീപിക്കാനായിരുന്നില്ല. ഈ പദ്ധതിയാണ് പിണറായി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നത്. സാമ്പത്തിക ബാധ്യതയാകുമെന്നതിനാല്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ധനവകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സംഭവിച്ച വിശാലിന്റെ ഹൃദയം നാവികസേനയുടെ ഡോണിയര്‍ എയര്‍ക്രാഫ്റ്റില്‍ കൊച്ചിയിലെത്തിക്കാനാവശ്യമായ ആറ് ലക്ഷം രൂപ നല്‍കിയത് ഹൃദയം സ്വീകരിച്ച രോഗിയുടെ ബന്ധുക്കള്‍ തന്നെയായിരുന്നു.
